തൊടുപുഴയിലെ ഏഴുവയസുകാരന്റെ കൊലപാതകം; അമ്മയ്‌ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തു
തൊടുപുഴ: തൊടുപുഴയിലെ ഏഴു വയസുകാരന്റെ കൊലപാതകത്തില്‍ അമ്മയ്‌ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തു. തൊടുപുഴ പോക്‌സോ കോടതിയാണ് കേസെടുത്തത്. വകുപ്പ് പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തില്‍ അമ്മയെ കഴിഞ്ഞ മെയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നിസാര വകുപ്പുകള്‍ ചുമത്തിയതിനാല്‍ മണിക്കൂറുകള്‍ക്കകം ജാമ്യത്തിലിറങ്ങി.
ബാലക്ഷേമ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അമ്മയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ചുമത്താന്‍ പോലീസ് തയ്യാറായില്ല. ഈ നീക്കത്തിനെതിരെ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഡ്‌ലി സോഷ്യല്‍ ഫൗണ്ടേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കുറ്റവാളിയെ സംരക്ഷിക്കുക, തെളിവ് നശിപ്പിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് യുവതിക്കെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതി അരുണ്‍ ആനന്ദ് മുട്ടം ജില്ലാ ജയിലിലാണ്. അരുണിന്റെ ക്രൂരമര്‍ദ്ദനത്തില്‍ കഴിഞ്ഞ ഏപ്രില്‍ ആറിനാണ് ഏഴ് വയസുകാരന്‍ മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയതിനും ഇളയ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചതിനും അരുണിനെതിരെ തൊടുപുഴ മുട്ടം കോടതിയില്‍ കേസ് തുടരുകയാണ്. നാല് വയസുള്ള ഇളയ സഹോദരന്‍ തിരുവനന്തപുരത്ത് മുത്തശ്ശന്റേയും മുത്തശ്ശിയുടേയും സംരക്ഷണത്തിലാണ്.
No comments
Post a Comment