ഇവിടം സ്വർഗ്ഗമാണ്’ ; വിയ്യൂരിലെ തടവുകാരന്‍ മറ്റൊരു ജയില്‍പുള്ളിക്ക് അയച്ച കത്ത് ഞെട്ടി ഉദ്യോഗസ്ഥര്‍
ഫൈവ് സ്റ്റാര്‍ ഹോട്ടലിനേക്കാള്‍ മുടിഞ്ഞ സൗകര്യമാ ഇവിടെ. അതി സുരക്ഷയെന്നൊക്കെ കേട്ടപ്പോ ആദ്യം ഞെട്ടിയെങ്കിലും സ്വര്‍ഗമാ ബ്രോ സ്വര്‍ഗം.
വിലകൂടിയ ടൈലുകള്‍ പതിച്ച അറ്റാച്ച്‌ഡ് മുറികള്‍. ആഹാരം കഴിക്കാന്‍ ഡൈനിംഗ് ടേബിളുകള്‍, വാഷ് ബേസിന്‍. കഴിക്കാനോ പ്രാഥമിക കൃത്യങ്ങള്‍ക്കോ ക്യൂനില്‍ക്കേണ്ട. ഉറങ്ങാന്‍ കട്ടില്‍. വീട്ടില്‍പോലുമില്ലാത്ത എല്ലാ സൗകര്യങ്ങളുമുണ്ട്. പുലര്‍ച്ചെ യോഗ, വൈകുന്നേരം കായിക പരിശീലനം. ഫുട്‌ബോളുള്‍പ്പെടെ കളികള്‍. വിശാലമായ ലൈബ്രറി.
അവിടത്തെപ്പോലെ ആരുടെയും ക്രോസും മുറയുമൊന്നുമില്ല. റൂമെല്ലാം കാലി. എല്ലാവരും ഹാപ്പിയാണ്. നീ കൂടി വന്നാല്‍ നമുക്ക് ഇവിടെ അടിച്ചുപൊളിക്കാം’.
നാട്ടിലുള്ള ചങ്കിന് ഗള്‍ഫിലെ ഒരു സുഹൃത്ത് അയച്ച കത്താണിത് എന്ന് കരുതിയാല്‍ തെറ്റി. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സുഹൃത്തിനെ വിയ്യൂരിലെ അതി സുരക്ഷാ ജയിലിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു തടവുപുള്ളി എഴുതിയ കത്താണിത്.
അങ്ങനെ തടവുകാര്‍ക്കിടയില്‍ ഹിറ്റായിരിക്കുകയാണ് വിയ്യൂര്‍ ജയില്‍. സുരക്ഷ ഇത്തരി കടുകട്ടിയാണെങ്കിലും ഉള്ളിലെ സ്വാതന്ത്ര്യമാണ് തടവുകാരെ അവിടം പ്രിയപ്പെട്ടതാക്കുന്നത്. അതിനാലാണ് വിയ്യൂരില്‍ എത്തപ്പെട്ടവര്‍ മറ്റ് ജയിലുകളില്‍ കഴിയുന്നവരെകൂടി അങ്ങോട്ട് ക്ഷണിക്കുന്നതും. ഈ കത്തും അത്തരത്തിലൊന്നാണ്.
വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ ഓപ്പണ്‍ ചെയ്തശേഷം അവിടത്തെ സൗകര്യങ്ങളും സ്വാതന്ത്ര്യവും വിവരിച്ച് തടവുകാരായ നിരവധി പേരാണ് കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലെ അടുപ്പക്കാര്‍ക്ക് കത്ത് അയയ്ക്കുന്നത്.
തടവുകാര്‍ക്കുള്ള കത്തുകള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പൊട്ടിച്ച് വായിച്ച് നോക്കിയശേഷമേ നല്‍കാറുളളൂവെന്നതിനാല്‍ വിയ്യൂരിലേക്ക് ക്ഷണം ലഭിച്ച വിവരം തടവുകാര്‍ പലരും അറിയുന്നില്ലെന്ന് മാത്രം.
No comments
Post a Comment