കുട്ടനാട്ടിൽ സീറ്റ് നൽകാമെന്ന് യുഡിഎഫ് സമ്മതിച്ചു; ഇനി ആരും അവകാശവാദം ഉന്നയിക്കേണ്ട: ജോസ് കെ മാണി
കുട്ടനാട്: തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ സീറ്റ് തർക്കത്തിന് പരിഹാരമാകുന്നു. കുട്ടനാട്ടില്‍ സീറ്റ് നല്‍കാമെന്ന് യു.ഡി.എഫ് നേതാക്കള്‍ തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതായി കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം വെളിപ്പെടുത്തി.
സീറ്റിന് വേണ്ടി ആരും അവകാശവാദം ഉന്നയിക്കേണ്ടെന്നാണ് ജോസ് കെ. മാണിയുടെ വാദം. ഇന്നലെ കുട്ടനാട്ടില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളും നടന്നു.
2011 ല്‍ പുനലൂര്‍ മണ്ഡലം കോണ്‍ഗ്രസിന് നല്‍കിയപ്പോള്‍ ഉണ്ടാക്കിയ ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് എമ്മിന് കിട്ടിയ സീറ്റാണ് കുട്ടനാട്. അതേ ധാരണ പ്രകാരം ഇത്തവണ കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് തന്നെ നല്‍കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ ഉറപ്പു നല്‍കിയതായാണ് ജോസ് കെ. മാണിയുടെ അവകാശ വാദം.
സീറ്റിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കെ കുട്ടനാട്ടില്‍ നേതൃ യോഗം ചേര്‍ന്നു ജോസ് കെ. മാണി ആരെയൊക്കെ സ്ഥാനാര്‍ത്ഥികളാക്കാം എന്നതും തീരുമാനിച്ചു. തോമസ് ചാണ്ടിയുടെ കുടുംബത്തിലെ ആരെങ്കിലും എതിര്‍സ്ഥാനാര്‍ത്ഥിയായി വന്നാല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും ചമ്ബക്കുളം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് മെമ്ബറുമായ ബിനു ഐസക്ക് രാജു മത്സരിച്ചേക്കും. അല്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയും ഇടത്വ സെന്റ് അലോഷ്യസ് കോളേജ് പ്രൊഫസറുമായ ഡോ. ഷാജോ കണ്ടകുടിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ധാരണ.
അതേസമയം, വിഷയത്തിൽ ജോസഫ് വിഭാഗം പ്രതികരണം നടത്തിയിട്ടില്ല. നിലവില്‍ പാല സീറ്റ് കൈവിട്ടതിന് കാരണം കേരളാ കോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന് കോണ്‍ഗ്രസിന് തന്നെ വ്യക്തമാണ്. അതുകൊണ്ട് തന്നെ തർക്കമില്ലാത്ത പ്രശ്‍നങ്ങൾ ഉയരാതിരിക്കാനാണ് യുഡിഎഫ് ശ്രമം.
ليست هناك تعليقات
إرسال تعليق