ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരം താഴ്ത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപിയുമായ ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദ്ദേശം പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. നിര്‍ദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥനത്ത് ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഉന്നത ഉദ്യോഗസ്ഥനെ തരം താഴ്ത്തുന്നത്.
ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തെന്ന് ആരോപിച്ചാണ് നടപടി. നിരന്തരം കേസുകളില്‍പ്പെടുന്നതും തരം താഴ്ത്താന്‍ കാരണമായി. സര്‍ക്കാര്‍ അനുവാദമില്ലാതെ സര്‍വ്വീസ് ചട്ടം ലംഘിച്ച് ജേക്കബ് തോമസ് പുസ്തകം എഴുതിയതായി വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് നടപടി. മെയ് 31 ന് സര്‍വ്വീസില്‍ വിരമിക്കാനിരിക്കെയാണ് നടപടി.
മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തിയത്. ജേക്കബ് തോമസ് ഗുരുതരമായ വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം, ഐപിഎസ് ഉദ്യോഗസ്ഥനായതിനാല്‍ ഇതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടും നിര്‍ണ്ണായകമാവും. സര്‍ക്കാരിന്‍റെ നടപടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാലെ നടപടി ക്രമത്തില്‍ അന്തിമ തീരുമാനമുണ്ടാകുകയുള്ളു.
No comments
Post a Comment