Header Ads

  • Breaking News

    ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യ ചരിത്രവും പഠിക്കണം; പരാമർശവുമായി സിപിഎം



    തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യ ചരിത്രവും പഠിക്കണമെന്ന് സിപിഎം. അദ്ദേഹം ഭരണഘടനയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. ഗവര്‍ണറെ വിമര്‍ശിക്കാമെന്നും ജനാധിപത്യവ്യവസ്ഥയില്‍ വിമര്‍ശനം സ്വാഭാവികമാണെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള  പറഞ്ഞു.  വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ​് സിപിഎം വിമർശനം‍. താന്‍ റബര്‍ സ്റ്റാംപല്ലെന്നും ആരും നിയമത്തിന് മുകളിലല്ലെന്ന് ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. പൗരത്വവിഷയത്തില്‍ തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോകോള്‍ ലംഘനമാണെന്നും പത്രവാര്‍ത്തകളില്‍ നിന്നല്ല ഇക്കാര്യം താന്‍ അറിയേണ്ടതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

    പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തിന് പിന്നാലെയാണ് വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ പരസ്യവിയോജിപ്പുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഫയല്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇക്കാര്യത്തിലുള്ള സംശയങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തതെന്നും ഗവര്‍ണര്‍. നിയമസഭ ചേരാനിരിക്കേ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന്റെ സാംഗത്യത്തെയും ആരിഫ് മുഹമ്മദ്ഖാന്‍ ചോദ്യം ചെയ്തു. ഓര്‍ഡിനന്‍സിന് രാഷ്ട്രീയ ഉദ്ദേശമുണ്ടെന്ന ആരോപണവും അദ്ദേഹം പരോക്ഷമായി ഉന്നയിച്ചു.

    പൗരത്വവിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെങ്കിലും സംസ്ഥാനത്തിന്റെ തലവനായ തന്നെ അറിയിക്കാത്തത് പ്രോട്ടോകോള്‍ ലംഘനമാണ്. പൗരത്വനിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതിലെ വിയോജിപ്പ് തുടരുകയാണെങ്കിലും ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ അത് സ്വാധീനിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് വീണ്ടും മന്ത്രിസഭ പാസാക്കി അയച്ചാല്‍ താന്‍ ഒപ്പിടണമെന്ന് ഭരണഘടന പറയുന്നില്ല.

    No comments

    Post Top Ad

    Post Bottom Ad