മൈക്കല്‍ ലെവിറ്റിനെ തടഞ്ഞത് സാമൂഹികവിരുദ്ധര്‍: ടൂറിസം മന്ത്രി കടകംപളളി
ആലപ്പുഴ: ആലപ്പുഴയില്‍ നൊബേല്‍ ജേതാവ് മൈക്കല്‍ ലെവിറ്റിനെയും കുടുംബത്തെയും തടഞ്ഞത് സാമൂഹികവിരുദ്ധരെന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്. ഒറ്റപ്പെട്ട സംഭവമാണ് നടന്നതെന്നും കര്‍ശനമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ലെവിറ്റ് സര്‍ക്കാര്‍ അതിഥിയായാണ് കേരളത്തില്‍ എത്തിയത്. പ്രദേശത്തുള്ള ചില സാമൂഹിക വിരുദ്ധരാണ് അദ്ദേഹത്തെ തടഞ്ഞുവച്ചത്. സംഭവം പോലീസ് അന്വേഷിക്കും. സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുളള കാര്യങ്ങളും പരിശോധിക്കുമെന്നും കടകംപളളി സുരേന്ദ്രന് പറഞ്ഞു.
രണ്ടുമണിക്കൂര്‍ നേരം മൈക്കല്‍ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് പണിമുടക്ക് അനുകൂലികള്‍ തടഞ്ഞുവെച്ചു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെ പുളിങ്കുന്ന് പോലീസ് കേസെടുത്തു. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം വിനോദ സഞ്ചാരത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് പറഞ്ഞിട്ടും തന്നെ തടഞ്ഞത് നിയമവിരുദ്ധമെന്ന് മൈക്കില്‍ ലെവിറ്റ് പ്രതികരിച്ചു. സര്‍ക്കാര്‍ അതിഥിയെ തടഞ്ഞത് വിനോദസഞ്ചാരത്തിനും കേരളത്തിനും ചേരാത്ത നടപടിയാണെന്നും ലെവിറ്റ് കുറ്റപ്പെടുത്തി.
No comments
Post a Comment