Header Ads

  • Breaking News

    രാഷ്ട്രപതിയുടെ അധികാര പരിധിയില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ഒ.രാജഗോപാല്‍



    തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയത്തിന് അനുമതി നല്‍കിക്കൊണ്ട് രാഷ്ട്രപതിയുടെ അധികാര പരിധിയില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയാല്‍ താന്‍ എതിര്‍ക്കും. കോണ്‍ഗ്രസിന്റെ താല്‍പര്യമാണ് ഗവര്‍ണര്‍ക്ക് എതിരായ പ്രമേയം. അതിനെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. പൗരത്വനിയമത്തിനെതിരെയുള്ള പ്രമേയത്തെ താന്‍ പിന്തുണച്ചുവെന്നുള്ളത് പ്രതിപക്ഷത്തിന്റെ അടിസ്ഥാനരഹിതമായ പ്രചാരണമാണ്. പൗരത്വപ്രമേയത്തെ താന്‍ പിന്തുണച്ചിട്ടില്ല. പൗരത്വപ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചത് സഭാരേഖയിലുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കും ഒ.രാജഗോപാല്‍ മറുപടി നല്‍കി.

    ഗവര്‍ണറുടെ സത്കാരത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിയെ പ്രതിപക്ഷം വിമര്‍ശിക്കുന്നത് ഇടുങ്ങിയ ചിന്താഗതിയാണ്. ജനാധിപത്യത്തില്‍ രാഷ്ട്രീയ എതിര്‍പ്പുകള്‍ ശത്രുതയാവരുത്. മനുഷ്യമഹാശൃംഖലയില്‍ മറ്റ് പാര്‍ട്ടിക്കാരും പങ്കെടുത്തിട്ടുണ്ടെന്നും ഒ.രാജഗോപാല്‍ ചൂണ്ടിക്കാട്ടി. അതേസമയം പ്രതിപക്ഷം നല്‍കിയ നോട്ടീസ് അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ രാജ്ഭവനെ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതി നോട്ടീസ് തള്ളാനാണ് സാധ്യത. എന്നാല്‍ നോട്ടീസ് തള്ളിയാല്‍ നിയമസഭയ്ക്കുള്ളിലും പ്രതിഷേധിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയത്. പ്രമേയം പരാജയപ്പെട്ടാല്‍ നിയമനടപടികളുമായി മുന്നോട്ട് പോവും. ആത്മാര്‍ഥത ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad