കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; ജംബോ ലിസ്റ്റ് ഇല്ല
തിരുവനന്തപുരം: ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും. പുതിയ കെപിസിസി അധ്യക്ഷന്‍ ചുമതലയേറ്റ് ഒന്നരവര്‍ഷത്തോളം കഴിഞ്ഞാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തു വരുന്നത്. ജംബോ ലിസ്റ്റ് ഒഴിവാക്കിയാണ് പുതിയ പട്ടിക ഇന്ന് എത്തുക.
എ-ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 130 പേരെ ഉള്‍പ്പെടുത്തി നല്‍കിയ ഭാരവാഹി പട്ടിക നേരത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന നയം കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് 130 ഭാരവാഹികളുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 45 പേരുടെ പട്ടികയാണ് ഒടുവില്‍ കേരള നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ചിരിക്കുന്നത്.
കേരള പോലൊരു ചെറിയ സംസ്ഥാനത്തിന് ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ അടക്കം ഇത്ര വലിയ ഭാരവാഹി പട്ടിക എന്തിനാണെന്ന സോണിയ ഗാന്ധി വിമര്ശനമുന്നയിച്ചതോടെയാണ് ജംബോ ലിസ്റ്റ് പിൻവലിക്കാൻ തീരുമാനം ആയത്.
എ-ഐ ഗ്രൂപ്പുകളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും ജംബോ കമ്മിറ്റി വേണ്ടെന്ന കര്‍ശന നിലപാടില്‍ അവസാന നിമിഷം വരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറച്ചു നിന്നതും ഭാരവാഹികളുടെ എണ്ണം കുറക്കാൻ കാരണമായി. ജംബോ പട്ടികയ്ക്ക് നേരെ കര്‍ശന വിമര്‍ശനം ഉയര്‍ന്നതോടെ വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍, എപി അനില്‍ കുമാര്‍ എന്നീ നേതാക്കള്‍ തങ്ങളെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്ന് കാണിച്ച് ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു.
No comments
Post a Comment