കൊല്ലത്തു വ്യാജ മരുന്ന് വിതരണം; പ്രതികൾ പിടിയിൽ
കൊല്ലം:
കൊല്ലം അഞ്ചലിൽ വിഷം കലർന്ന മരുന്ന് കഴിച്ച് നിരവധി പേർ ചികിത്സയിലായ സംഭവത്തിൽ 3 പേർ പിടിയിൽ. വ്യാജ വൈദ്യന്റെ സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. പിടിയിലായവരിൽ പതിനാല് വയസുകാരനും ഉൾപ്പെടുന്നു.
കൊല്ലം അഞ്ചലിലെ ഏരൂരിൽ വീടുകൾ തോറും കയറിയിറങ്ങി മെർക്കുറി കലർന്ന മരുന്ന് വിതരണം ചെയ്ത സംഘത്തിലുള്ള ആളുകളാണ് പിടിയിലായത്. കോട്ടയത്ത് നിന്നാണ് തെലങ്കാന സ്വദേശികളായ 25 കാരൻ ബിരിയാല രാജു, 19 കാരൻ മോദം രാജു എന്നിവരും സംഘത്തിലെ പതിനാലു വയസുകാരനെയും ഏരൂർ പൊലീസ് പിടികൂടിയത്.
രണ്ടു സ്ത്രീകളടക്കം 8 പേരടങ്ങുന്ന സംഘമായിട്ടാണ് ഇവർ കേരളത്തിൽ എത്തിയത്. ഒറ്റ തിരിഞ്ഞു വിവിധ സ്ഥലങ്ങളിൽ എത്തി നാഡി വൈദ്യന്മാരാണെന്നു പരിചയപ്പെടുത്തിയാണ് ഇവർ ചികിത്സ നടത്തിയിരുന്നത്. സ്ത്രീകൾ സംഘത്തിലെ രണ്ടുപേരുടെ ഭാര്യമാരാണ്.
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ച് വ്യാജപേരുകളിൽ സിം കാർഡുകൾ സംഘടിപ്പിച്ച് രണ്ട് മാസത്തോളം ചികിത്സ തട്ടിപ്പ് നടത്തിയ ശേഷം സിമ്മുകൾ ഉപേക്ഷിച്ചു മുങ്ങുന്നതാണ് ഇവരുടെ പതിവ് രീതിയെന്ന് പൊലീസ് പറയുന്നു. സംഘത്തലവൻ ഉൾപ്പെടെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാണ്.
ഇതിനായി തെലങ്കാനയിലേക്ക് തിരിക്കാനും ഏരൂർ പൊലീസ് പദ്ധതിയിടുന്നുണ്ട്. ഇപ്പോൾ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയുന്നതോടെ ബാക്കിയുള്ളവരെയും എളുപ്പത്തിൽ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
No comments
Post a Comment