Header Ads

  • Breaking News

    പരീക്ഷപ്പേടി വേണ്ട, ‘ബി പോസിറ്റീവ്‌ ’


    കണ്ണൂർ :
    പത്താംക്ലാസ്‌ വിദ്യാർഥികളുടെ പരീക്ഷപ്പേടിയകറ്റാൻ പ്രത്യേക കൗൺസലിങ് നൽകാൻ  ജില്ലാപഞ്ചായത്ത്‌ യോഗം തീരുമാനിച്ചു. 

    ജില്ലയിലെ സ്‌കൂളുകളിൽ പഠനനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ബി പോസിറ്റീവ്  പദ്ധതിയുടെ ഭാഗമായാണ്‌ കൗൺസലിങ്. സ്‌കൂൾ കൗൺസിലർമാരുടെ പ്രത്യേക ഇടപെടലിലൂടെ വിദ്യാർഥികളുടെ ആത്മവിശ്വാസം ഉയർത്തുന്ന പരിപാടി ഈ മാസം അവസാനത്തോടെ സ്‌കൂളുകളിൽ നടക്കും. കൗൺസിലർമാരുടെ യോഗം 21ന്‌ ജില്ലാപഞ്ചായത്ത്‌ ഹാളിൽ നടക്കും. 


    സ്‌കൂളുകളുടെ വിജയശതമാനം നൂറുശതമാനമാക്കുകയും എല്ലാ പരീക്ഷകളിലും ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

    പദ്ധതി പ്രവർത്തനങ്ങൾ അവലോകനത്തിന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ സന്ദർശനം നടത്തിവരികയാണ്.  30ന് മുമ്പായി  ജില്ലാ പഞ്ചായത്തംഗങ്ങൾ അവരുടെ പരിധിയിലുള്ള സ്‌കൂളുകൾ സന്ദർശിച്ച്  പുരോഗതി വിലയിരുത്തണമെന്ന്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌ പറഞ്ഞു. 

    2020–-21 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായി ഓരോ മേഖലയിൽനിന്നുമുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് 25ന് പകൽ 11ന്‌ ജില്ലാ പഞ്ചായത്ത് ഹാളിൽ സ്റ്റേക്ക്‌ഹോൾഡേഴ്‌സ് യോഗം സംഘടിപ്പിക്കും.  

     വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട റോഡുകളുടെ പട്ടികയും  എസ്റ്റിമേറ്റും 30ന്‌ മുമ്പായി സമർപ്പിക്കാനും അംഗങ്ങൾക്ക് നിർദേശം നൽകി. ഒരു പഞ്ചായത്തിൽനിന്ന് രണ്ടുറോഡുകൾ എന്ന രീതിയിലാണ് പട്ടിക സമർപ്പിക്കേണ്ടത്. പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണത്തിനായി എംഎൽഎമാർ തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ട റോഡുകളെ അംഗങ്ങൾ തയ്യാറാക്കുന്ന പട്ടികയിൽനിന്ന്‌ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

    ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി പി ദിവ്യ, അംഗങ്ങളായ  കെ ശോഭ, ടി ടി റംല, വി കെ സുരേഷ്‌ ബാബു, കെ പി ജയബാലൻ തുടങ്ങിയവർ സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad