ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി മകര വിളക്ക് തെളിഞ്ഞു; ദര്‍ശന സായൂജ്യമടഞ്ഞ് ഭക്തര്‍
ശബരിമല: ശബരിമലമേട്ടില് മകരവിളക്ക് തെളിഞ്ഞു. ദര്‍ശന സായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള്‍. പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍ നിന്നെത്തിച്ച തിരുവാഭരണം ചാര്‍ത്തി അയ്യപ്പന് ദീപാരാധന നടന്നതിനു പിന്നാലെ 6.50 നാണ് പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്.
സന്നിധാനത്തിനു പുറമേ, പുല്ലുമേട്, പാണ്ടിത്താവളം, മരക്കൂട്ടം, പമ്ബ തുടങ്ങി വിവിധയിടങ്ങളില്‍ മകരജ്യോതി ദര്‍ശിക്കുന്നതിനായി ഭക്തര്‍ നിലയുറപ്പിച്ചിരുന്നു.
നേരത്തെ പന്തളത്തു നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം ശരംകുത്തിയില്‍ എത്തി. അവിടെ വച്ച് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ദീപാരാധനയ്ക്ക് തൊട്ടുമുമ്പായി, തിരുവാഭരണം പതിനെട്ടാംപടി കയറി.
ഭക്തജന പ്രവാഹം കണക്കിലെടുത്ത് ഇന്ന് രാവിലെ 11 മുതല്‍ തന്നെ പമ്ബയില്‍ നിന്ന് തീര്‍ഥാടകരെ മല കയറുന്നതില്‍ നിന്ന് നിയന്ത്രിച്ചിരുന്നു. മകരജ്യോതി ദര്‍ശനത്തിനു ശേഷം സന്നിധാനം, മാളികപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ തങ്ങിയിരിക്കുന്ന തീര്‍ഥാടകര്‍ എത്രയും വേഗം മടങ്ങണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പമ്ബയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് തിരികെ മടങ്ങുന്നതിനായി 60ലേറെ പ്രത്യേക സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
No comments
Post a Comment