കൂടത്തായി കൊലപാതകം; ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. റോയ് തോമസ് വധക്കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. ജോളി ഒന്നാംപ്രതി. എംഎസ് മാത്യു, പ്രജികുമാര്‍, മനോജ് എന്നിവരും പ്രതികളാണ്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ, വഞ്ചന, തെളിവുനശിപ്പിക്കല്‍ തുടങ്ങി 10 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 246 സാക്ഷികളുണ്ട്. 22 തൊണ്ടിമുതലുകളും 322 രേഖകളും ഉണ്ട്. ജോളിക്കുവേണ്ടി വ്യാജരേഖ ചമച്ചതും വസ്തു ഇടപാട് രേഖകളില്‍ ഒപ്പിട്ടതും മനോജാണെന്നു കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. റോയിക്ക് സയനൈഡ് നല്‍കിയത് വെളളത്തിലും കടലക്കറിയിലും ചേർത്താണെന്നും കുറ്റപത്രം പറയുന്നു.
റോയ് തോമസ് വധക്കേസില്‍ ഡിഎന്‍എ ടെസ്റ്റ് ആവശ്യമില്ലെന്നു റൂറല്‍ എസ്പി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. സയനൈഡ് കണ്ടെത്തിയ രാസപരിശോധനാഫലം കുറ്റപത്രത്തിലുണ്ട്. റോയ് തോമസ് വധക്കേസില്‍ മാപ്പുസാക്ഷികളില്ലെന്നും കെ.ജി.സൈമണ്‍ പറഞ്ഞു. ജോളിയുടെ രണ്ട് മക്കളുടെ അടക്കം ആറുപേരുടെ രഹസ്യമൊഴിയും കുറ്റപത്രത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. റോയ് തോമസ് വധക്കേസില്‍ മാപ്പുസാക്ഷികളില്ല. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് ഈ കേസില്‍ ബന്ധമില്ല. മറ്റ് കേസുകളില്‍ ഷാജുവിന് ബന്ധമില്ലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എസ്.പി കൂട്ടിച്ചേർത്തു. ജോളിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണ്. ജോളി ബി.കോം, എം.കോം, യു.ജി.സി നെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി ഉണ്ടാക്കി. ഇവ കണ്ടെത്തി കോടതിയില്‍ നല്‍കി. ജോളി അറസ്റ്റിലായില്ലെങ്കില്‍ കുറഞ്ഞത് 3 കൊലപാതകം കൂടി നടക്കുമായിരുന്നുവെന്നും റൂറല്‍ എസ്പി കെ.ജി.സൈമണ്‍ പറഞ്ഞു.
No comments
Post a Comment