ദീർഘനാളത്തെ ആവശ്യത്തിനൊടുവിൽ പയ്യാമ്പലത്ത് ഇനി വാതകശ്മശാനം
കണ്ണൂർ:
പയ്യാമ്പലത്ത് ഇനി വാതകശ്മശാനം. ദീർഘനാളത്തെ ആവശ്യത്തിനൊടുവിലാണ് ആധുനിക ശ്മശാനം എന്ന സ്വപ്നം യാഥാർഥ്യമാവുന്നത്. വൈദ്യുതി ശ്മശാനത്തിന്റെ പ്രവർത്തനം വർഷങ്ങൾക്കുമുമ്പേ നിലച്ചിരുന്നു. 99 ലക്ഷം രൂപയുടേതാണ് പുതിയ പദ്ധതി. 42 ലക്ഷം രൂപയുടെ പ്രാരംഭപ്രവൃത്തിക്കാണ് ഞായറാഴ്ച തുടക്കമായത്. ശൗചാലയം, ഇരിപ്പിടം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കേണ്ട ചുമതല കണ്ണൂർ ആസ്ഥാനമായ ’പാണയിൽ ബിൽഡേഴ്‌സി’നാണ്.
ചെന്നൈ ആസ്ഥാനമായ ’എസ്‌കോ’ കമ്പനിയാണ് ശ്മശാനമൊരുക്കുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സി.എസ്.ആർ. ഫണ്ട്, കോർപ്പറേഷന്റെ തനത് ഫണ്ട് എന്നിവയിൽനിന്നാണ് പദ്ധതിക്കാവശ്യമായ തുക കണ്ടെത്തിയത്. മൂന്ന് മാസങ്ങൾക്കകം പണി പൂർത്തിയാക്കാനാണ് തീരുമാനം.
വാതകശ്മശാനം തുറന്നാലും നിലവിലുള്ള ശ്മശാനം അതേപടി തുടരും. ശ്മശാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കെ.സുധാകരൻ എം.പി. നിർവഹിച്ചു. മേയർ സുമ ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ്, സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ടി.ഒ.മോഹനൻ, സി.കെ.വിനോദ്, ജമിനി കല്ലാളത്തിൽ, അഡ്വ. പി.ഇന്ദിര, ഷാഹിന മൊയ്തീൻ, സി.സീനത്ത്, കൗൺസിലർമാരായ ഒ.രാധ, ടി.രവീന്ദ്രൻ, സി.സമീർ എന്നിവർ സംസാരിച്ചു.
No comments
Post a Comment