Header Ads

  • Breaking News

    എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമാണ്, നമ്മള്‍ കാത്തിരിക്കുക ക്ഷമയോടെ - അലന്റെ അമ്മയുടെ ഫേസ്ബുക്ക് കുറിപ്പ് 



    കോഴിക്കോട്: യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെ അമ്മ സബിത ശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. 'അലന്റെ അമ്മ എഴുതുന്നു' എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈഗോകള്‍ നിരപരാധികളെ തടവിലാക്കുന്നു. ചരിത്രം പരിശോധിച്ചാല്‍ എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമാണ്. അതുകൊണ്ട് അലാ, നമ്മള്‍ കാത്തിരിക്കുക ക്ഷമയോടെ, നമ്മുടെ സമയം വരും - സബിത ശേഖര്‍ ഫേസ്ബുക്കിൽ കുറിച്ചു

    കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

    അലന്റെ അമ്മ എഴുതുന്നു.

    അലാ ...

    നമ്മള്‍ ഒരിക്കലും പുതുവത്സര ആഘോഷങ്ങള്‍ ഒന്നും പൊതുവെ നടത്താറില്ലല്ലോ... പക്ഷെ 2020 ന്റെ പിറവി അമ്മ പഠിപ്പിക്കുന്ന മക്കളും നിന്റെ പ്രിയപ്പെട്ട പ്രേംജിത്ത് മാഷും നിഷ ടീച്ചറും കൂടി അവിസ്മരണീയമാക്കി. നീ ഇല്ലാത്തത് എന്റെ സന്തോഷ ത്തിന് കുറവ് വരുത്തരുത് എന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു.

    മോനെ, അമ്മ ചിലപ്പോഴൊക്കെ തളര്‍ന്നു പോവുന്നുണ്ട്. പക്ഷെ നീ വന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുമ്ബോള്‍ കിട്ടുന്ന സന്തോഷം ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. നമ്മള്‍ എവിടേക്കൊക്കെ യാത്ര പോവണം ... പുതിയ റെസിപ്പികള്‍ പരീക്ഷിക്കണം. ചില സന്ദര്‍ഭങ്ങളില്‍ എനിക്ക് തോന്നും എനിക്ക് ധൈര്യം വളരെയധികം കൂടുന്നോ എന്ന്. ഓരോ കാര്യങ്ങള്‍ക്കും നിന്നെ ആശ്രയിക്കുന്ന ഞാന്‍ എല്ലാം ഒറ്റക്ക് ചെയ്യുന്നു.

    നിന്നെ ശാരീരികമായി മാത്രമെ ജയിലിലടക്കാന്‍ സാധിക്കുകയുള്ളൂ. നിന്റെ ചിന്തകളെ തടവിലിടാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ല. ഒരിക്കലും അവര്‍ക്ക് നമ്മളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. നീ ഇപ്പോള്‍ വായിച്ചു കൂട്ടിയ പുസ്തകങ്ങള്‍ നിന്റെ ചിന്തയെ മൂര്‍ച്ച കൂട്ടും. കൂടുതല്‍ വ്യക്തതയോടെ ജീവിക്കാന്‍ നിനക്കും സാധിക്കും അലാ ...

    എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈഗോകള്‍ നിരപരാധികളെ തടവിലാക്കുന്നു ... ചരിത്രം പരിശോധിച്ചാല്‍ എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമാണ്... അതുകൊണ്ട് അലാ ... നമ്മള്‍ കാത്തിരിക്കുക ക്ഷമയോടെ ... നമ്മുടെ സമയം വരും ...

    പ്രതീക്ഷയോടെ,

    നിന്റെ അര്‍ബന്‍ സെക്കുലര്‍ അമ്മ

    സബിത ശേഖര്‍

    No comments

    Post Top Ad

    Post Bottom Ad