Header Ads

  • Breaking News

    സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി എ.കെ. ബാലന്‍



    തിരുവനന്തപുരം: ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി എ.കെ. ബാലന്‍. രണ്ടുതരം നിയമനിര്‍മാണം വേണ്ടിവരും. ആദ്യത്തേത് കലാകാരന്മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ്. നിര്‍മാണ, വിതരണ രംഗത്തെ പ്രശ്നപരിഹാരത്തിനാണ് രണ്ടാമത്തേത്. റഗുലേറ്ററി കമ്മിറ്റിയും പരിഗണനയില്‍. സിനിമ മേഖലയിലെ അപ്രിയ സത്യങ്ങള്‍ മൂടിവയ്ക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും എല്ലാവരുമായും കൂടിയാലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    സിനിമയിൽ അവസരം ലഭിക്കാൻ ലൈംഗികമായ ചൂഷണത്തിന് വിധേയരാകേണ്ടി വന്നിട്ടുണ്ടെന്ന്  ചില നടികൾ തെളിവ് സഹിതം വെളിപ്പെടുത്തിയതായി ജസ്റ്റിസ് ഹേമ കമ്മിഷൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.  അവസരത്തിന് കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തല്‍. മലയാള സിനിമാ രംഗത്ത് അഭിനേതാക്കളെ തീരുമാനിക്കാനും വിലക്കാനും ശക്തിയുള്ള ലോബിയുണ്ടെന്നും  റിപ്പോർട്ട് പറയുന്നു. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി. കമ്മിഷൻ രൂപീകരിച്ച് രണ്ടര വർഷത്തിനുശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

    മുന്നൂറു പേജുളള റിപ്പോർട്ടിൽ നിരവധി സംഭാഷണങ്ങളും ദൃശ്യങ്ങളും തെളിവായി ഉൾപ്പെടുത്തിയിട്ടുണ്ട്. അവസരങ്ങൾ ലഭിക്കാൻ ലൈംഗികമായി വഴങ്ങണമെന്ന് ചിലർ നിർബന്ധിച്ചതായി ഏതാനും നടിമാർ മൊഴി നൽകിയെന്ന് റിപ്പോർട്ട് പറയുന്നു.  ആര് അഭിനയിക്കണം ആര് അഭിനയിക്കേണ്ട എന്നു നിശ്ചയിക്കാൻ മാത്രം ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ട്. സിനിമയിൽ അപ്രഖ്യാപിത വിലക്കു പോലും ഈ ലോബി നടപ്പാക്കാറുണ്ട്. പ്രമുഖ അഭിനേതാക്കൾ പോലും വിലക്ക് നേരിടുന്നുണ്ട്. സിനിമാരംഗത്ത് ലഹരി ഉപയോഗം അപകടമാം വിധം ഉയർന്നിട്ടുണ്ട്. ഇവ തടയാൻ ശക്തമായ നിയമനിർമാണവും തുടർ നടപടിയും വേണം. ഇതിന് അധികാരമുള്ള  ട്രൈബ്യൂണൽ രൂപീകരിക്കണമെന്നാണ് കമ്മിഷന്റെ പ്രധാന ശുപാർശ.

    തൊഴിൽ രംഗത്തെ കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമാരംഗത്തു നിന്നും മാറ്റി നിർത്തണം. ഇതിനുള്ള അധികാരം ട്രൈബ്യൂണലിനു നൽകണമെന്നും കമ്മിഷൻ പറയുന്നു. ജോലി സ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. പ്രമുഖ നടി ശാരദയും മുൻ അഡിഷണൽ ചീഫ് സെക്രട്ടറി കെ ബി വത്സല കുമാരിയുമായിരുന്നു കമ്മിഷനിലെ മറ്റ് അംഗങ്ങൾ. ഡബ്ല്യുസിസി യുടെ ആവശ്യപ്രകാരമാണ് സർക്കാർ ജസ്റ്റിസ് ഹേമ കമ്മിഷനെ നിയോഗിച്ചത്.

    No comments

    Post Top Ad

    Post Bottom Ad