സംസ്ഥാന നിയമസഭയ്ക്ക് മേൽ റെസിഡന്റുമാർ ഇല്ലെന്ന് ഓർക്കുന്നത് നല്ലതാണ്; പരസ്യപരാമർശവുമായി മുഖ്യമന്ത്രി
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിനായി പലതവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് ഭരണഘടന സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഒന്നിച്ച് നിൽക്കേണ്ട സമയത്ത് അതുണ്ടായില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നേരെ പരോക്ഷ വിമർശനവും മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നു.
സംസ്ഥാന നിയമസഭയ്ക്ക് മേൽ റെസിഡന്റുമാർ ഇല്ലെന്ന് ഓർക്കുന്നത് നല്ലതാണെന്ന് ഗവർണറുടെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രി പറഞ്ഞു. "സത്യഗ്രഹത്തോട് സഹകരിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ തീരുമാനം, ഏറെ സന്തോഷം പകരുന്നതായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് പ്രതിഷേധം നടത്താം. എന്നാൽ കൂട്ടായി പ്രതിഷേധിക്കുന്നതാണ് ഉത്തമം. എന്നാൽ ഇടയ്ക്ക് ഇടുങ്ങിയ മനസുള്ള ചിലർ അതിനെതിരെ രംഗത്തെത്തി," എന്നും മുഖ്യമന്ത്രി പറഞ്ഞു. യോജിച്ച സമരത്തിനെതിരെ തുടക്കം മുതൽ വിയോജിപ്പ് പ്രകടിപ്പിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുള്ള പരോക്ഷ വിമർശനം കൂടിയായി ഈ പ്രസ്താവന.
"പ്രതിപക്ഷത്തെ അനൈക്യമാണ് യോജിച്ചുള്ള തുടർ പോരാട്ടങ്ങൾക്ക് വിലങ്ങ് തടിയായത്. യോജിച്ച സമരത്തെ കുറിച്ച് ആലോചിക്കാൻ താൻ പല തവണ പ്രതിപക്ഷ നേതാവിനെ ബന്ധപ്പെട്ടു. എന്നാൽ രാജ്യത്തിന് വേണ്ടി ഒന്നിച്ച് നിൽക്കേണ്ട സമയത്ത് പിന്നീട് അതുണ്ടായില്ല. ഒരുമിച്ച് നിൽക്കണമെന്നാണ് താനിപ്പോഴും അഭ്യർത്ഥിക്കുന്നത്. ഒന്നായി നീങ്ങുമ്പോൾ ഒരു കൂട്ടരെ മാത്രമേ മാറ്റി നിർത്തേണ്ടതുള്ളൂ, അത് തീവ്രവാദികളെയാണ്," എന്ന് പറഞ്ഞ മുഖ്യമന്ത്രി, ഒരു തടങ്കൽ പാളയങ്ങളും കേരളത്തിലുയരില്ലെന്നും പറഞ്ഞു.
No comments
Post a Comment