വീണ്ടും നിർണായക തീരുമാനവുമായി അമിത് ഷാ
രാജ്യം വിട്ട് ചൈനയുടെയോ പാകിസ്ഥാന്‍റെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുകള്‍ കണ്ടെത്തി വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാറിന്‍റെ കീഴില്‍ പുതിയ സമിതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് മന്ത്രിമാരുടെ സമിതിക്ക് രൂപം നല്‍കിയത്.
ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യ വിട്ടവരുടെ 9,400 സ്വത്തുക്കളാണ് വില്‍ക്കാനുള്ളത്. ഇതുവഴി ഒരു ലക്ഷം കോടി രൂപയെങ്കിലും സര്‍ക്കാറിലേക്ക് എത്തിക്കാന്‍ സാധിക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. 9280 സ്വത്തുക്കള്‍ പാക് പൗരത്വം സ്വീകരിച്ചവരുടെതാണ് എന്നാണ് കണക്ക്. 126 എണ്ണം ചൈനീസ് പൗരത്വം സ്വീകരിച്ചവരുടെതാണ്.
ശത്രുസ്വത്ത് നിയമപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഈ നടപടികള്‍ എടുക്കുന്നത്. ഷാ അധ്യക്ഷനായ മന്ത്രിതല സമിതിക്ക് പുറമേ. രണ്ട് ഉപസമിതികള്‍ കൂടി ഉദ്യോഗസ്ഥ തലത്തില്‍ സ്വത്ത് വില്‍പ്പന നടപടിക്കായി രൂപീകരിച്ചിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറി രജീവ് ഗൗബയാണ് ഒരു സമിതിയുടെ അധ്യക്ഷന്‍, കേന്ദ്ര അഭ്യന്തര സെക്രട്ടറി അജയ് ബല്ലയുടെ അധ്യക്ഷതയിലാണ് മറ്റൊരു സമിതി.
2016 ല്‍ തന്നെ കേന്ദ്രം ശത്രു സ്വത്ത് നിയമഭേദഗതി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പാസാക്കി നിയമമാക്കിയിരുന്നു.
എന്നാല്‍ ഇതിന്‍റെ തുടര്‍ നടപടികള്‍ വേഗത്തിലാക്കുവാനാണ് പുതിയ സമിതികള്‍. പാകിസ്ഥാനിലേക്ക് പോയി പൗരത്വം എടുത്തവരുടെ 11,882 എക്കര്‍ ഭൂമി ഇന്ത്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് പോലെ തന്നെ പാകിസ്ഥാനിലേക്ക് പോയവരുടെ പേരില്‍ രാജ്യത്തെ 266 കമ്പനികളിലായി 2,610 കോടി രൂപയുടെ ഷെയറുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തിലുള്ളവര്‍ക്ക് ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി 177 കോടി രൂപ നിക്ഷേപവും ഉണ്ട്.
No comments
Post a Comment