Header Ads

  • Breaking News

    മാടായി കോളജ് ചരിത്രാധ്യാപകനെ കണ്ണൂര്‍ സര്‍വകലാശാല ഗൈഡ് ഷിപ്പില്‍ നിന്നും ഒഴിവാക്കി, സര്‍വകലാശാലയില്‍ ഗാന്ധിയന്‍ പഠനവകുപ്പ് ആരംഭിക്കും, പ്രവേശന മാനദണ്ഡങ്ങള്‍ ലംഘിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയ കോളജുകള്‍ക്കെതിരെ നടപടി


    കണ്ണൂര്‍: 
    2016-19 കാലയളവില്‍ കായിക മത്സരങ്ങളില്‍ പങ്കെടുത്തതിനാല്‍ തുടര്‍ അവസരങ്ങളുപയോഗിച്ച് പരീക്ഷ എഴുതേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. 

    കോഴ്‌സ് വര്‍ക്ക് പരീക്ഷയില്‍ വിജയിക്കാത്ത വിദ്യാര്‍ത്ഥിക്ക് ഗവേഷക ഫെലോഷിപ്പിന് അനുമതി നല്‍കിയ സംഭവത്തില്‍ മാടായി സി എ എസ് കോളജിലെ ചരിത്രാധ്യാപകന്‍ ഡോ. എന്‍ പത്മനാഭനെ ഗൈഡ് ഷിപ്പില്‍ നിന്ന് അയോഗ്യനാക്കി.

    ഗാന്ധിജിയുടെ 150ആം ജന്മവാര്‍ഷികാചരണത്തിന്റെ ഭാഗമായി സര്‍വകലാശാലയില്‍ ഗാന്ധിയന്‍ പഠനവകുപ്പ് ആരംഭിക്കാന്‍ തീരുമാനിച്ചു. സര്‍വകലാശാലയിലെ ഫാക്കല്‍റ്റികളും ബോര്‍ഡ് ഓഫ് സ്റ്റഡീസും പുതിയ യുജിസി ചട്ടങ്ങള്‍ക്കനുസരിച്ച് ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. പ്രവേശന മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് ചില കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയ സംഭവത്തില്‍ സ്ഥാപനമേധാവികളോട് വിശദീകരണം ചോദിക്കും.

    കാസര്‍കോട് ഗവ. കോളജിലെ അറബിക് വിഭാഗത്തില്‍ ഗവേഷക പഠനകേന്ദ്രം അനുവദിക്കാന്‍ തീരുമാനിച്ചു. 17 വിദ്യാര്‍ത്ഥികള്‍ക്ക് പിഎച്ച്ഡി നല്‍കും. സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ശാസ്ത്രമേള തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ വെച്ച് നടത്തും. ശാസ്ത്രമേളയ്ക്കുള്ള തുക അനുവദിച്ചു.

    കാസര്‍കോട് ഗവ. കോളജില്‍ 19.09.2019ന് ഉണ്ടായ സംഘര്‍ഷത്തില്‍ അന്വേഷണ കമ്മിറ്റി കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ടി സി നല്‍കി പുറത്താക്കാനുള്ള കോളജ് അധികൃതരുടെ നടപടി അംഗീകരിച്ചു. കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്ക് പുറമെ അധികസീറ്റുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. മൂന്ന് കോളജുകളിലെ 10 അധ്യാപകരുടെ സ്ഥാനക്കയറ്റം അംഗീകരിച്ചു.വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

    No comments

    Post Top Ad

    Post Bottom Ad