ഓപ്പൺ ഫ്രെയിം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡോ ബിജു ഉദ്ഘാടനം ചെയ്യും
പയ്യന്നൂർ :
പയ്യന്നൂർ ഓപ്പൺ ഫ്രെയിം സംഘടിപ്പിക്കുന്ന എട്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെബ്രുവരി 8ന് വൈകുന്നേരം 5 മണിക്ക് പ്രമുഖ ചലച്ചിത്രസംവിധായകനായ ഡോ. ബിജു ഉദ്ഘാടനം ചെയ്യും. പയ്യന്നൂരിലെ ദിവ്യ തിയറ്ററിൽ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തില്‍ ഗോവ തിരുവനന്തപുരം അന്താരഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിച്ച സിനിമകള്‍ മലയാളം ഉപശീര്‍ഷകങ്ങളോടെ പ്രദര്‍ശിപ്പിക്കും
മേളയിൽ മലയാള സിനിമ, ഇന്ത്യൻ സിനിമ, സ്മരണ, സമകാലികപ്രതിഭ, ലോകസിനിമ എന്നീ വിഭാഗങ്ങളിലായി ഇരുപത്തഞ്ച് ചിത്രങ്ങങ്ങളാണ് പ്രദർശിപ്പിക്കുക. ചലച്ചിത്രസംവിധായകരുമായുള്ള മുഖാമുഖവും ഓപ്പൺ ഫോറങ്ങളും മേളയുടെ ഭാഗമായി നടക്കും. എല്ലാ ദിവസവും രാവിലെ 9 മണിക്കാണ് പ്രദർശനങ്ങൾ ആരംഭിക്കുന്നത്.
മലയാള സിനിമാവിഭാഗത്തിൽ വിധു വിൻസെന്റിന്റെ സ്റ്റാൻഡ് അപ്, സന്തോഷ് ബാബുസേനൻ സതീഷ് ബാബുസേനൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഇരുട്ട്, കഴിഞ്ഞ വർഷത്ത മികച്ച മലയാളചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ച ഷെരീഫ് ഈസ സംവിധാനം ചെയ്ത കാന്തൻ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അന്തരിച്ച പ്രമുഖ ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷന്റെ സ്മരണയുടെ ഭാഗായി, ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങളും പ്രമുഖ നടി അന്നാ കരീനയുടെ സ്മരണാർത്ഥം ഗൊദാർദ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ എ വുമൺ ഈസ് എ വുമൺ എന്ന ചിത്രവും പ്രദർശിപ്പിക്കും. സമകാലിക പ്രതിഭ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രമുഖ ഇന്ത്യൻ ചലച്ചിത്രകാരി നന്ദിതാ ദാസിന്റെ ഫിറാഖ്, മാന്റൊ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി ഗാന്ധിസ്മൃതി വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രമുഖ ഇന്ത്യൻ ചലച്ചിത്രസംവിധായകൻ ശ്യാം ബെനെഗൽ സംവിധാനം ചെയ്ത ദ് മേക്കിങ് ഒഫ് ദ് മഹാത്മ എന്ന ചിത്രവും ഈ വർഷം പ്രദർശിപ്പിക്കുന്നുണ്ട്.
ഡോക്യുമെന്ററികൾക്ക് മാത്രമായി ഈ വർഷം മുതൽ പ്രത്യേക വിഭാഗം ഒരുക്കിയിരിക്കുന്നു. ഇതിൽ പാട്രിഷ്യൊ ഗുസ്മാൻ സംവിധാനം ചെയ്ത ചിലിയിൽ നിന്നുള്ള പേൾ ബട്ടൺ, കരീം അമെർ, ജെഹാൻ നൌജെയ്ം എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ദ് ഗ്രേറ്റ് ഹാക്ക് എന്നിവ പ്രദർശിപ്പിക്കുന്നതാണ്.
ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഹിന്ദി ചിത്രമായ അനുഭവ് സിൻഹ സംവിധാനം ചെയ്ത ആർട്ടിക്ക്ൾ 15, ഋതുപർണൊ ഘോഷ് സംവിധാനം ചെയ്ത ബംഗാളി ചിത്രമായ ചിത്രാംഗദ, മഞ്ജുനാഥ സോമശേഖര റെഡ്ഡി സംവിധാനം ചെയ്ത കന്നഡ ചിത്രമായ നാഥിചരാമി, റിമാ ദാസ് സംവിധാനം ചെയ്ത അസമീസ് ചിത്രം ബുള്‍ ബുള്‍ കാന്‍ സിംഗ് എന്നിവയാണ് പ്രർശിപ്പിക്കുന്നത്.
ലോകസിനിമ വിഭാഗത്തിൽ ഫ്രാൻസിൽ നിന്നുള്ള അറ്റ് വാർ, അമേരിക്കയിൽ നിന്നുള്ള ബ്ലാക് ക്ലാൻസ്മാൻ, ഗ്രീൻ ബുക്ക്, സോറി റ്റു ബോതർ യു, ലെബനീസ് ചിത്രമായ കാപെർനോം, അർജന്റീനിയൻ ചിത്രമായ മൈ മാസ്റ്റർപീസ്, അസർബൈജാനിൽ നിന്നുള്ള പോംഗ്രനേറ്റ് ഓർച്ചാഡ്, ജാപ്പനീസ് ചിത്രമായ ഷോപ് ലിഫ്റ്റേഴ്സ്, ഫ്രഞ്ച്-ഇസ്രായേൽ സംയുക്തസംരഭമായ സിനോനിംസ്, ഐസ് ലാന്റിൽ നിന്നുള്ള വുമൺ അറ്റ് വാർ, ക്യൂബന്‍ ചിത്രമായ എ ട്രാന്‍സ്ലേറ്റര്‍ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.
പരിപാടിയോടനുബന്ധിച്ച് ഡോ. ബിജു., വിധു വിൻസെന്റ്, സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ, ഷെരീഫ് ഈസ തുടങ്ങിയവർ വിവിധ ദിവസങ്ങളിലെ മീറ്റ് ദ ഡയറക്റ്റർ പരിപാടിയിൽ സംബന്ധിക്കും.
മേളയോടനുബന്ധിച്ച് ഫെബ്രുവരി 9 ന് ചലച്ചിത്രോത്സവവേദിയിൽ പൌരത്വഭേദഗതി നിയമത്തിനെതിരാ കാവ്യ പ്രതിഷേധം നടക്കും. പി. രാമൻ, വി. അബ്ദുൾ ലത്തീഫ്, മാധവന്‍ പുറച്ചേരി തുടങ്ങിയ കവികള്‍ കവിതകള്‍ ചൊല്ലിയും പ്രസംഗിച്ചും പ്രതിഷേധം രേഖപ്പെടുത്തും.
10-ാം തീയതി തിങ്കളാഴ്ച ചലച്ചിത്രോത്സവവേദിയിൽ പൌരത്വബില്ലിനെതിരായ സംവാദം നടക്കും. എം സി അബ്ദുല്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടിയിൽ പ്രമുഖ നോവലിസ്റ്റ് ആർ രാജശ്രീ പങ്കെടുക്കും.
11 ചൊവ്വാഴ്ച നടക്കുന്ന ഓപ്പൺ ഫോറത്തിൽ പ്രമുഖ ചലച്ചിത്ര നിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ സംബന്ധിക്കും.
മേളയിലേക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനും മേളയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും www.openframepayyanur.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 947783560, 9446168067 എന്നീ ഫോൺനമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
No comments
Post a Comment