ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു
ഇന്ത്യന്‍ ബാഡ്മിന്റണ്‍താരവും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് ഡല്‍ഹിയില്‍ വെച്ച് സൈന ബിജെപിയുടെ അംഗത്വം സ്വീകരിച്ചു. സൈനയുടെ സഹോദരി ചന്ദ്രന്‍ഷുവും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങാണ് ഇരുവര്‍ക്കും അംഗത്വം നല്‍കിയത്.
ഗുസ്തി താരങ്ങളായ ബബിത ഫോഗട്ട്, യോഗേശ്വര്‍ ദത്ത്, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ തുടങ്ങിയവരും നേരത്തെ ബിജെപിയില്‍ അംഗമായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കായികതാരംകൂടി കേന്ദ്രം ഭരിക്കുന്ന ബിജെപിയില്‍ അംഗമായിരിക്കുന്നത്. നിലവില്‍ മോശം ഫോമില്‍ കളിക്കുന്ന സൈന അടുത്തതന്നെ വിരമിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.
ഇന്ത്യയ്ക്കുവേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ താന്‍ അംഗമായിരിക്കുകയാണെന്ന് സൈന പറഞ്ഞു. ഞാന്‍ കഠിനാധ്വാനിയായ വ്യക്തയാണ്. നരേന്ദ്ര മോദിയും എല്ലാദിവസവും കഠിനാധ്വാനം ചെയ്യുന്നയാളാണ്. അദ്ദേഹത്തോടൊപ്പം രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനാകുന്നത് ബഹുമതിയായി കരുതുന്നുവെന്നും ബിജെപിയില്‍ ചേര്‍ന്നശേഷം സൈന പ്രതികരിച്ചു.
ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്തുണച്ചുകൊണ്ടുള്ള സൈനയുടെ ട്വീറ്റുകള്‍ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ഹരിയാന സ്വദേശിയാണ് 29-കാരിയായ സൈന നേവാള്‍. ലോക ഒന്നാം റാങ്കിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരവും ബാഡ്മിന്റണില്‍ ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരവുമാണ് സൈന. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലാണ് മെഡല്‍ നേടിയത്. ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെങ്കല മെഡലും, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡലുള്‍പ്പെടെയുള്ളവയും സൈന സ്വന്തമാക്കിയിട്ടുണ്ട്.
No comments
Post a Comment