പോക്സോ കേസ് പ്രതിയായ അധ്യാപകന്റെ അറസ്റ്റ് ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ സമരം
കോഴിക്കോട്: പോക്സോ കേസില്‍ പ്രതി ചേര്‍ത്ത അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്കൂളിന് മുന്നില്‍ വിദ്യാർത്ഥികളുടെ പ്രതിഷേധ സമരം. കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് വിദ്യാര്‍ഥികളുടെ ഉപവാസ സമരം നടക്കുന്നത്.
വിദ്യാര്‍ഥികളോട് ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പൊലീസ് നടപടി എടുത്തില്ലെന്നും പരാതി നല്കിയ വിദ്യാര്‍ഥിയെ സ്കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
മൂന്ന് മാസം മുൻപാണ് സ്കൂളിലെ ബോട്ടണി അധ്യാപകനെതിരെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ചില വിദ്യാര്‍ഥിനികളോട് നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും അധ്യാപകന് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.
അധ്യാപകനെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്നാല്‍ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല.
No comments
Post a Comment