പ്രവർത്തനം നിർത്തിപ്പോയ കമ്പനികളെ തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിക്കും; ഇ.പി ജയരാജൻ
പാലക്കാട്: തൊഴിൽ തർക്കത്തിന്റെ പേരിൽ കഞ്ചിക്കോട് വ്യവസായ മേഖലയിൽ നിന്നും പ്രവർത്തനം നിർത്തിപ്പോയ കമ്പനികളെ തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. കഞ്ചിക്കോട്ടെ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്രശ്നം പരിഹരിക്കാൻ തൊഴിലാളി യൂണിയനുകളുമായി സർക്കാർ ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
കഞ്ചിക്കോട് വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധികൾ നേരിട്ട് മനസ്സിലാക്കാനാണ് മന്ത്രി ഇ.പി ജയരാജൻ കഞ്ചിക്കോടെത്തിയത്. തൊഴിലാളികളും മാനേജ്മെന്‍റുകളും തമ്മിലുള്ള തർക്കങ്ങളും സമരങ്ങളും മൂലം വ്യവസായങ്ങൾ അയൽ സംസ്ഥാനങ്ങളിലേയ്ക്ക് ചേക്കാറാൻ തുടങ്ങിയ സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദർശനം. കഞ്ചിക്കോട് വ്യവസായ വികസനത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിയ്ക്കുമെന്ന് മന്ത്രി വ്യവസായികളുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കി. നോക്കുകൂലിയ്ക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.
കഞ്ചിക്കോട് ടൗൺഷിപ്പ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. വികസന സാധ്യത കണക്കിലെടുത്ത് കഞ്ചിക്കോട് ഐടി പാർക്ക് സ്ഥാപിക്കുന്നത് സർക്കാർ പരിഗണനയിലാണ്. വായ്പ മൂലം പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങൾക്ക് പലിശ ഇല്ലാതെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി വ്യവസായികൾക്ക് ഉറപ്പ് നൽകി.
No comments
Post a Comment