പോളിയോ തുള്ളിമരുന്ന് വിതരണം നാളെ
കണ്ണൂർ :
അഞ്ച് വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നൽകൽ ഞായറാഴ്‌ച. ജില്ലയിൽ അഞ്ച് വയസ്സിനു താഴെയുള്ള 1,86,795 കുട്ടികൾക്കും ഇതരസംസ്ഥാനത്തുനിന്നുള്ള 1416 കുട്ടികൾക്കുമാണ് തുള്ളിമരുന്ന് നൽകാനുള്ളതെന്ന് ഡിഎംഒ കെ നാരായണ നായ്‌ക് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയാണ് മരുന്ന് നൽകുക. വിട്ടുപോയവർക്ക് തുടർദിവസങ്ങളിൽ വീടുകളിലെത്തി മരുന്ന് കൊടുക്കും.
സർക്കാർ ആശുപത്രികൾ, സിഎച്ച്സികൾ, എഫ്എച്ച്സികൾ, പിഎച്ച്സികൾ, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, സ്വകാര്യ ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലായി 1901 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പ് ജീവനക്കാർ, ആശാപ്രവർത്തകർ, കുടുംബശ്രീ വളണ്ടിയർമാർ, അങ്കണവാടി ജീവനക്കാർ, നേഴ്‌സിങ് വിദ്യാർഥികൾ, സന്നദ്ധ സംഘടനാപ്രതിനിധികൾ തുടങ്ങി പ്രത്യേക പരിശീലനം നേടിയ വളണ്ടിയർമാരും സൂപ്പർവൈസർമാരും വാക്സിൻ വിതരണത്തിൽ പങ്കാളികളാകും.
ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം എന്നിവിടങ്ങളിൽ 54 ട്രാൻസിറ്റ് ബൂത്തുകളും 112 മൊബൈൽ ബൂത്തുകളും പ്രവർത്തിക്കും. റോട്ടറി ഇന്റർനാഷണൽ, ഐഎംഎ, ഐഎപി തുടങ്ങിയ സംഘടനകളുടെ പിന്തുണ തുള്ളിമരുന്ന് വിതരണത്തിനുണ്ട്.
ദേശീയ പൾസ് പോളിയോ ദിനത്തിൽ ജനിച്ച കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാ നവജാതശിശുക്കൾക്കും വാക്സിൻ നൽകണം. ഇത് തീർത്തും സുരക്ഷിതമാണ്. വയറിളക്കമോ മറ്റ് രോഗങ്ങളോ ഉള്ള കുട്ടികൾക്കും പോളിയോ വാക്സിൻ കൊടുക്കാം. പോളിയോ കൊടുക്കുന്ന കുഞ്ഞുങ്ങൾക്ക് മറ്റ് രോഗങ്ങൾക്കുള്ള മരുന്നും കൊടുക്കാം.
വാർത്താസമ്മേളനത്തിൽ ജില്ലാ ആർസിഎച്ച് ഓഫീസർ പി എം ജ്യോതി, ഡോ. മുഹമ്മദ് ഇർഷാദ്, കെ എൻ അജയ് എന്നിവരും പങ്കെടുത്തു.
No comments
Post a Comment