എരിപുരം -വെങ്ങര-മുട്ടം റോഡ് പ്രവൃത്തി ഏപ്രിൽ അവസാന വാരം പൂർത്തികരിക്കണം: ടി വി രാജേഷ് എംഎൽഎ
എരിപുരം -വെങ്ങര-മുട്ടം റോഡ് പ്രവൃത്തി ഏപ്രിൽ അവസാന വാരം പൂർത്തികരിക്കണമെന്ന് ടി വി രാജേഷ് എംഎൽ എ ഉദ്യോഗസ്ഥർക്കും കരാറുകാരനും കർശന നിർദേശം നൽകി. റോഡിന്റെ പ്രവൃത്തി പുരോഗതിയില്ലാത്തത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എം.എൽ എ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം റോഡ് പ്രവൃത്തി നടക്കുന്ന സ്ഥലങ്ങൾ പരിശോധിച്ചു വിലയിരുത്തുകയും അവലോകന യോഗം ചേരുകയും ചെയ്തു.
യോഗത്തിൽ വെങ്ങര മുക്കിലെ ഡ്രൈനേജുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് തീരുമാനമായി. ചെമ്പല്ലിക്കുണ്ട് റോഡിൽ 600 മീറ്റർ നീളത്തിൽ പുതിയ ഡ്രൈനേജ് സംവിധാനം ഒരുക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി രണ്ട് ദിവസത്തിനകം സമർപ്പിക്കാൻ എം എൽ എ പൊതുമരുത്ത് അസി.എക്സി എഞ്ചിനിയർ സുനിൽ കൊയിലേരിയനോട് ആവശ്യപ്പെട്ടു.
എരിപുരം പോലീസ് സ്റ്റേഷൻ മുതൽ വെങ്ങരമുക്ക് വരെ പ്രവൃത്തി ഫിബ്രവരി മൂന്നാം വാരം പൂർത്തികരിക്കുന്നതിന് കർശന നിർദേശം എം.എൽ എ കോൺട്രാക്ടർക്ക് നൽകി. മുട്ടം വരെയുള്ള മുഴുവൻ പ്രവൃത്തികളും ഏപ്രിലിൽ പൂർത്തികരിക്കണം. മുട്ടം ജംഗഷൻ വിപുലീകരിക്കും.
ഇലട്രിസിറ്റി പോസ്റ്റുകൾ അടിയന്തിരമായി മാറ്റുന്നതിന് കെ.എസ്ഇബി അസി.എഞ്ചിനിയർക്ക് നിർദേശം നൽകി. അതോടൊപ്പം റോഡ് വികസനത്തിന്റെ ഭാഗമായി തെങ്ങുകൾ മുറിച്ച് മാറ്റുന്നതിന് വേഗത്തിൽ നടപടി സ്വീകരിക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
റോഡ് പ്രവൃത്തി നടക്കുമ്പോൾ പൊടി പാറാതിരിക്കുന്നതിന് പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് വെള്ളം നനക്കാനും തീരുമാനിച്ചു.
പ്രസ്തുത റോഡിന്റെ വികസനത്തിന് 12 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. എംഎൽഎ യോടൊപ്പം പൊതുമരാമത്ത് അസിസ്റ്റന്റ് എക്സി എഞ്ചിനീയർ സുനിൽ കൊയിലേരിയൻ, അസി എഞ്ചിനീയർ ടി.വി ഭാസ്ക്കരൻ, സുധീഷ് (കെ.എസ്ഇബി പഴയങ്ങാടി എ ഇ ), കോൺട്രാക്ടർ ഷമീർ, വരുൺ ബാലകൃഷ്ണൻ, കെ.പി.രാജീവൻ എന്നിവരും ഉണ്ടായി.
No comments
Post a Comment