Header Ads

  • Breaking News

    സർക്കാർ അതിഥിയായി എത്തിയ മൈക്കേൽ ലെവിറ്റിനെ തടഞ്ഞത് കാടത്തം: ചെന്നിത്തല




    തിരുവനന്തപുരം: സർക്കാർ അതിഥിയായി എത്തിയ നൊബേൽ സമ്മാന ജേതാവ് മൈക്കേൽ ലെവിറ്റിനെ തടഞ്ഞത് കാടത്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കൊള്ളക്കാരുടെ തോക്കിനു മുന്നില്‍പെട്ടപോലുള്ള അവസ്ഥയാണെന്ന് ലെവിറ്റ് പറയുമ്പോൾ കേരളം മുഴുവൻ അപമാനിക്കപ്പെടുകയാണ്. ക്രിമിനലുകള്‍ തന്നെ മണിക്കൂറുകളോളം തടഞ്ഞുവച്ചു.നിയമവാഴ്ചയില്ലാത്ത നാടായി ഇന്ത്യ മാറുന്നോയെന്ന് ഭയപ്പെടുന്നു എന്ന വാക്കുകൾ കേരളത്തിന് നാണക്കേടാണെന്ന് ചെന്നിത്തല പറഞ്ഞു.

    വിനോദസഞ്ചാര മേഖലയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടും സിഐടിയു പ്രവർത്തകർ ലെവിറ്റിനെ തടഞ്ഞത് ലോകത്തിന് മുന്നിൽ കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഹൗസ്ബോട്ട് തടഞ്ഞത് വാർത്തയാകുമ്പോൾ ടൂറിസം ഭൂപടത്തിൽ കേരളത്തെ പിന്നോട്ടടിക്കുകയാണ്. 

    പതിറ്റാണ്ടുകൾ കൊണ്ട് ടൂറിസം രംഗത്ത് കേരളം സ്വന്തമാക്കിയ നേട്ടങ്ങൾ ഇല്ലാതാക്കുന്ന നടപടിയാണിത്. ആഗോള നിക്ഷേപ സംഗമം എന്ന പേരിൽ മാമാങ്കം നടക്കുന്നതിന്റെ മുന്നോടിയായി മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന്റെ തല പൊട്ടിച്ചതിന് ശേഷമാണ് നൊബേൽ ജേതാവിനെ സിഐടിയു അപമാനിച്ചിരിക്കുന്നത്. കണ്ടാൽ അറിയാവുന്ന നൂറ് പേർക്കെതിരെ കേസ് എടുത്തു എന്ന് പറയുന്ന പൊലീസ്, അന്താരാഷ്ട്രതലത്തിൽ നാണക്കേടായ ഒരു സംഭവത്തെ ലഘൂകരിക്കുകയാണ്. 

    ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരിന്റെ അടിയന്തര നടപടിയാണ് ആവശ്യം. കുറച്ചാളുകളുടെ സാമൂഹ്യവിരുദ്ധ നടപടികൾ കൊണ്ട് ഇല്ലാതാകേണ്ട ഒന്നല്ല നമ്മുടെ നാടിന്റെ ടൂറിസം വികസനമെന്നും അദ്ദേഹം പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad