നോ ക്ലിഷേ.. നോ ലാഗ്.. ഒൺലി പൊട്ടിച്ചിരി | മറിയം വന്ന് വിളക്കൂതി റിവ്യൂ
ഒന്നുമറിയാതെ ഇരുന്ന് പൊട്ടിച്ചിരിക്കുക.. മലയാളിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യമാണത്. അത് നന്നായിട്ട് അറിയാവുന്ന ഒരാളാണ് ജെനിത് കാച്ചപ്പിള്ളി എന്ന സംവിധായകനെന്ന് നിസംശയം പറയുവാൻ സാധിക്കും. അതിനുള്ള തെളിവാണ് മറിയം വന്ന് വിളക്കൂതി എന്ന ചിത്രം. ‘അത്തള പിത്തള തവളാച്ചി’ എന്ന ഗാനം മലയാളികൾക്ക് ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒന്നാണ്. അതുകൊണ്ട് തന്നെ മറിയം വന്ന് വിളക്കൂതി എന്ന പേരും മലയാളികളുടെ മനസ്സിലേക്ക് ഇടിച്ചു കുത്തിയാണ് കയറിയത്. ഈ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നതിനും അതൊരു കാരണമായി. ചിത്രം പിടിച്ചിരിക്കുന്ന രീതി തന്നെയാണ് ഏറ്റവും സവിശേഷമായത്. ജെനിത് കാച്ചപ്പിള്ളി എന്ന ഈ സംവിധായകനിൽ നിന്നും മലയാളികൾ ഇനിയും ഇത്തരം വെറൈറ്റികൾ പ്രതീക്ഷിക്കുന്നുണ്ട് എന്നുറപ്പ്.
കിളി പോയി എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ വരുന്ന ഒരു മുഴുനീള സ്റ്റോണർ മൂവിയാണ് മറിയം വന്ന് വിളക്കൂതി. ബോയിങ്ങ് ബോയിങ്ങ് എന്ന ചിത്രത്തിലെ സുകുമാരിയെ ഓർമിപ്പിക്കുന്ന വേഷവിധാനങ്ങളോടെ എത്തുന്ന സേതുലക്ഷ്‌മി അവതരിപ്പിക്കുന്ന മറിയാമ്മയുടെ വീട്ടിലെ താമസക്കാരായ യുവാക്കളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കൂട്ടത്തിൽ ഒരുവന്റെ ജന്മദിനം ആഘോഷിക്കുവാൻ ബാല്യകാല സുഹൃത്തുക്കൾ ഒന്നിച്ചു കൂടുന്നു. ഉമ്മർ, ബാലു, അഡ്ഡു എന്നിവരുടെ ജീവിതത്തിലേക്ക് അലമ്പുകളുടെ ആശാനായ റോണിയും വന്നു ചേരുന്നിടത്താണ് എല്ലാത്തിനും തുടക്കം. പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങൾക്കൊപ്പം ‘മന്ദാകിനി’യും ചേരുമ്പോഴാണ് പ്രേക്ഷകർക്ക് ചിരി വിരുന്ന് ലഭിക്കുന്നത്.
സിജു വിൽസൺ, അൽത്താഫ്, കൃഷ്ണകുമാർ, ശബരീഷ് വർമ്മ, സിദ്ധാർഥ് ശിവ എന്നിങ്ങനെ മലയാളികൾക്ക് പരിചിതമായ നിരവധി മുഖങ്ങളാണ് ചിത്രത്തെ ഒരു അസൽ ചിരി വിരുന്ന് ആക്കുന്നത്. എല്ലാവരും നല്ല രീതിയിൽ സ്കോർ ചെയ്യുമ്പോൾ പ്രേക്ഷകന് വെറുതെ ഇരിക്കുവാൻ ഒരു നിമിഷം പോലും ഇല്ല എന്നതാണ് പ്രത്യേകത. മികച്ച തിരക്കഥയുമായി സംവിധായകൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ സിനോജ് പി അയ്യപ്പൻ മികച്ച ഫ്രെയിമുകൾ തീർത്ത് ചിത്രത്തെ വീണ്ടും മനോഹരവത്കരിച്ചു. വസിം – മുരളിയുടെ ഗാനങ്ങളും മികച്ചു നിന്നു . അതോടൊപ്പം അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും പ്രശംസനീയം. യാതൊരു ക്ളീഷേയോ ലാഗിങ്ങോ ഇല്ലാതെ മനസ്സ് നിറഞ്ഞ് ഇരുന്ന് പൊട്ടിച്ചിരിക്കാവുന്ന ചിത്രമാണ് മറിയം വന്ന് വിളക്കൂതി.
www.ezhomelive.com
No comments
Post a Comment