നേപ്പാളിൽ മരിച്ച മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും
കാഠ്‌മണ്ഡു: നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഒമ്പത് മണിയോടെ മരിച്ച എട്ട് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങുമെന്നാണ് കാഠ്മണ്ഡു പൊലീസ് അറിയിച്ചിട്ടുള്ളത്. കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. അതേസമയം, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയo അറിയിച്ചു.
തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകന്‍ രണ്ടുവയസ്സുകാരന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. രഞ്ജിത് കുമാര്‍-ഇന്ദു ദമ്ബതികളുടെ ഒരു കുട്ടി മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു.
15 പേരടങ്ങുന്ന വിനോദസഞ്ചാര സംഘം തിങ്കളാഴ്ച്ചയോടെയാണ് ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മുറിയെടുത്തത്. നാലു സ്യൂട്ട് മുറികളാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. കൊടും തണുപ്പില്‍ നിന്നും രക്ഷനേടാന്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചതാണ് അപകടകാരണം. പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലെ താപപ്രവര്‍ത്തനങ്ങളുടെ ഏറ്റക്കുറച്ചില്‍ മൂലം ഉണ്ടായ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മുറിയിലുണ്ടായിരുന്ന എട്ട് പേരും മരിച്ചത്. മൃതദേഹങ്ങള്‍ നാളെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിക്കും.
No comments
Post a Comment