വൈറസ് ബാധിതമേഖലയില്‍ നിന്ന് എത്തിയവര്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കരുത്; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊറോണക്കേസില്‍ തൃശൂരില്‍ അടക്കം എല്ലാമുന്‍കരുതലുകളും എടുത്തെന്ന് ആരോഗ്യമന്ത്രി. വൈറസ് ബാധിതമേഖലയില്‍ നിന്ന് എത്തിയവര്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കരുത്. വിവാഹം അടക്കം ചടങ്ങുകള്‍ മാറ്റിവയ്ക്കുന്നതാകും ഉചിതമെന്നും സ്വകാര്യ ആശുപത്രികളിലും ചികില്‍സാസൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കൊറോണ വൈറസ് ബാധിച്ച പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളജിലേയ്ക്കു മാറ്റി. കൊറോണ രോഗ ലക്ഷണങ്ങളുമായി ആരെങ്കിലും എത്തിയാൽ ഉടൻ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രികൾക്ക് കർശന നിർദ്ദേശം നല്‍കി.
ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് പെൺകുട്ടിയെ ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിലേയ്ക്കു മാറ്റിയത്. ഓരോ മണിക്കൂറിലും വിദഗ്ധ ഡോക്ടർമാർ പെൺകുട്ടിയെ പരിശോധിക്കുന്നുണ്ട്. ഐസലേഷൻ വാർഡിലെ ഡോക്ടർമാരും നഴ്സുമാരും സുരക്ഷിത വസ്ത്രങ്ങൾ ധരിച്ചാണ് രോഗിയെ പരിചരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവരുടെ വീടുകളിൽ തന്നെ നിരീക്ഷണത്തിലാണ്.
രോഗ ലക്ഷണങ്ങളോടെ കഴിയുന്ന ആർക്കും ആരോഗ്യനില അപകടകരമല്ല. പരിഭ്രാന്തി വേണ്ടെന്ന് ആരോഗ്യ വിഭാഗം ആവർത്തിച്ച് പറയുന്നു. ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികൾ ആരോഗ്യ മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തു. കൊറോണ കേസാണെന്ന് സംശയം തോന്നിയാൽ ഉടനെ രോഗിയെ ഐസോലേഷൻ വാർഡിലേയ്ക്കു മാറ്റണം. വിദഗ്ധ ചികിൽസ ആവശ്യമെങ്കിൽ മെഡിക്കൽ കോളജിലേയ്ക്ക് മാറ്റാം. സ്വകാര്യ ആശുപത്രികളിൽ മാസ്ക്ക് നിർബന്ധമാക്കണം.
No comments
Post a Comment