ചുമ്മാ കിഴി..! പക്കാ സൂപ്പർസ്റ്റാർ ഷോ | ദർബാർ റീവ്യൂ
ഏ ആർ മുരുഗദോസ് ചിത്രങ്ങളിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് നിയമത്തിന് മേലെ ജീവിതങ്ങൾക്ക് പ്രാധാന്യം നൽകുന്ന നായകൻ. അതിനാൽ തന്നെ അയാൾ നിയമങ്ങൾ തെറ്റിക്കുകയും ചെയ്യും. അത്തരത്തിൽ തന്നെ ഉള്ളൊരു മറ്റൊരു നായകനെയാണ് ദർബാറിലൂടെ അവതരിപ്പിച്ചിരിക്കുന്നതും. തലൈവർ രജനീകാന്തിനെ വർഷങ്ങളുടെ ഇടവേളക്ക് ശേഷം പോലീസ് വേഷത്തിൽ കാണുന്നുവെന്ന ഒരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഇരുവരും ഒന്നിച്ചപ്പോൾ ഒരു വിരുന്ന് തന്നെ പ്രേക്ഷകരും പ്രതീക്ഷിച്ചിട്ടുണ്ട്.
പേട്ടക്ക് പിന്നാലെ മറ്റൊരു സൂപ്പർസ്റ്റാർ ഷോ തന്നെയാണ് ദർബാർ. ഈ ഒരു പ്രായത്തിലും ഇത്ര എനർജിയോടെ തലൈവർ നിറഞ്ഞാടുമ്പോൾ പ്രേക്ഷകർക്ക് ഒരു പക്കാ എന്റർടൈനർ തന്നെയാണ് പ്രേക്ഷകർക്കും ലഭിച്ചിരിക്കുന്നത്. മുംബൈ നഗരത്തിലെ മയക്കുമരുന്ന് മാഫിയയെ ഉന്മൂലനം ചെയ്യുവാൻ എത്തുന്ന പോലീസ് ഓഫീസറാണ് ആദിത്യ അരുണാചലം. നിയമത്തിന്റെ വഴിയേ നടക്കാത്ത ആദിത്യ മനുഷ്യാവകാശ കമ്മീഷന്റെ സ്ഥിരം നോട്ടപ്പുള്ളിയുമാണ്. ഡ്രഗ് സപ്ലൈർമാരിൽ പ്രധാനിയായ അജയ് മൽഹോത്രയെ ഇല്ലാതാക്കിയതിന് പിന്നാലെ ഹരി ചോപ്ര എന്ന ഗ്യാങ്സ്റ്റർ ആദിത്യയെയും മകൾ വല്ലിയേയും ലക്ഷ്യമിട്ട് രാജ്യത്തിലേക്ക് തിരികെ എത്തുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങൾ രജനികാന്ത് ഫാൻസിനെ ആവേശത്തിൽ നിറക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.
രജനികാന്തിന്റെ സ്റ്റാർഡം അതിന്റെ പൂർണതയിൽ തന്നെ ഉപയോഗിച്ചപ്പോൾ മറ്റുള്ളവരുടെ കഥാപാത്രങ്ങൾക്ക് വലിയ സ്പേസ് കൊടുക്കുവാൻ സാധിച്ചിട്ടില്ല എന്നത് ഒരു പോരായ്മയാണ്. പക്ഷേ രജനികാന്തിന്റെ മകളായി നിവേദ തോമസ് മികച്ച കൈയ്യടി നേടിയെടുക്കുകയും ചെയ്തു. തലൈവരുമൊത്ത് മികച്ച ഒരു കെമിസ്ട്രി നിലനിർത്തിയ നിവേദ സോളോ സീനുകളിലും മികച്ചു നിന്നു. നയൻതാരക്കും എടുത്തു പറയത്തക്ക പ്രാധാന്യം ലഭിച്ചില്ല. സുനിൽ ഷെട്ടിയിൽ നിന്നും പ്രതീക്ഷിച്ച ഒരു വില്ലനിസം കാണാൻ സാധിക്കാത്തതും ഒരു കുറവാണ്. പക്ഷേ അതിനെയെല്ലാം അനിരുദ്ധിന്റെ മാസ്സ് മ്യൂസിക്കും സന്തോഷ് ശിവന്റെ മികച്ച കാമറ വർക്കും ഒരു പരിധി വരെ പ്രാധാന്യം ഇല്ലാത്തവയാക്കി തീർക്കുന്നു. ഒരു മുരുഗദോസ് ചിത്രം കാണാൻ പോകുന്നവർക്ക് നിരാശ പടം നല്കുമെങ്കിലും ഒരു പക്കാ രജനികാന്ത് ഷോ കാണാൻ പ്രതീക്ഷകളുടെ അമിത ഭാരം ഇല്ലാതെ പോകുന്നവർക്ക് പക്കാ ട്രീറ്റ് തന്നെയാണ് ദർബാർ.
www.ezhomelive.com
No comments
Post a Comment