സ്വശ്രയ ഫീസ് അടയ്ക്കാൻ വിസമ്മതിച്ച കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ വിദ്യാർഥികളെ വീണ്ടും ക്ലാസുകളിൽ നിന്ന് പുറത്താക്കി; പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം
പരിയാരം:
സ്വശ്രയ ഫീസ് അടയ്ക്കാൻ വിസമ്മതിച്ച കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ വിദ്യാർഥികളെ വീണ്ടും ക്ലാസുകളിൽ നിന്ന് പുറത്താക്കി. വിദ്യാർഥികൾ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.ഇന്ന് രാവിലെ 8.30 ന് ക്ലാസിൽ കയറിയ വിദ്യാർഥികളോട് ഫീസ് അടച്ചതിന്റെ രസീത് കാണിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും ഇല്ലാത്തതിനാൽ എല്ലാവരേയും പുറത്താക്കുകയായിരുന്നു.
തുടർന്ന് പുറത്താക്കപ്പെട്ട എല്ലാ വിദ്യാർത്ഥികളും കോളജ് ഭരണ വിഭാഗം ഓഫീസിന് മുന്നിൽ സംഘടിച്ച് മുദ്രാവാക്യം മുഴക്കുകയും തുടർന്ന് പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് ആരംഭിച്ചിരിക്കുകയുമാണ്. പോസ്റ്റ് ഗ്രാജ്വേഷൻ, എംബിബിഎസ്, ബിഡിഎസ്, ബിഫാം, നഴ്സിംഗ്, എം എൽടി, പാരാമെഡിക്കൽ വിഭാഗങ്ങൾ എന്നീ കോഴ്സുകളിൽ പഠിക്കുന്ന അഞ്ഞൂറിലേറെ വിദ്യാർഥികളെയാണ് പുറത്താക്കിയിട്ടുള്ളത്.
സ്വാശ്രയ കോളജിൽ നിലവിലുള്ള ഫീസ് അടക്കണമെന്ന് ആവശ്യപ്പെട്ടത് അംഗീകരിക്കാനാവില്ലെന്ന മുദ്രാവാക്യവുമായാണ് വിദ്യാർഥികൾ സമരത്തിനിറങ്ങിയിട്ടുള്ളത്. ഒന്നാം തീയതിയാണ് സ്വാശ്രയ ഫീസ് അടക്കാത്തതിന് ഇവരെ ക്ലാസിൽ നിന്ന് പുറത്താക്കിയത്.പുറത്താക്കിയ വിദ്യാർത്ഥികൾ അന്ന് കാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. 2018 ബാച്ചിൽ കോളജിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾ സ്വാശ്രയ ഫീസ് തന്നെ അടക്കണമെന്ന നിലപാടിലാണ് കോളജ് അധികൃതർ. എന്നാൽ കോളജ് സർക്കാർ ഏറ്റെടുത്ത സാഹചര്യത്തിൽ സർക്കാർ ഫീസ് മാത്രമേ അടക്കുകയുള്ളൂവെന്ന നിലപാടിലാണ് വിദ്യാർഥികൾ.
ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ നിലവിലുള്ള കേസിലെ വിധി വരുന്നതുവരെ ഫീസടക്കുന്നതിന് സാവകാശം നൽകണമെന്ന കുട്ടികളുടെ ആവശ്യം കോളജ് അധികൃതർ നിരാകരിച്ചിരിക്കയാണ്. ആരോഗ്യമന്ത്രി ഇടപെട്ട് പ്രശ്നത്തിന് ഉടൻ പരിഹാരം കാണാത്ത പക്ഷം അനിശ്ചിതകാല നിരാഹാര സമരം ഉൾപ്പെടെയുള്ള സമരങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇന്ന് രാവിലെ നടന്ന സമരത്തിന് ഡോ. ജിതിൻ സുരേഷ് (പി ജി അസോസിയേഷൻ), ഷഹലിക് (ബിഫാം), സച്ചിൻ (ബി ഡി എസ്), നീരജ കൃഷ്ണൻ(എം ബി ബി എസ് ), സാലിമ (എംഎൽടി), ഷെറിൻ (ബിഎസ് സി നേഴ്സിങ്ങ്), അനൂപ് (പാരാമെഡിക്കൽ) എന്നിവർ നേതൃത്വം നൽകി.
No comments
Post a Comment