തളിപ്പറമ്പ് മണ്ഡലം എയര്‍പോര്‍ട്ട് ലിങ്ക് റോഡുമായി ബന്ധിപ്പിക്കാന്‍ 18 കോടി
തളിപ്പറമ്പ്:
കണ്ണൂർ എയർപോർട്ട് ലിങ്ക് റോഡുകളിലേക്ക് തളിപ്പറമ്പ് മണ്ഡലത്തിലെ പ്രധാന പൊതുമരാമത്ത് റോഡുകൾ വിപുലികരിച്ച് ബന്ധിപ്പിക്കും. ഇതിന് ഭരണാനുമതിയായി.
ജയിംസ് മാത്യു എംഎൽഎ തയ്യാറാക്കിയ കരട് പദ്ധതിയുടെയും പൊതുമരാമത്ത് വകുപ്പിന്റെ എസ്റ്റിമേറ്റിന്റെയും അടിസ്ഥാനത്തിലാണ് പദ്ധതിക്ക് രൂപം നൽകിയത്. നബാർഡിന്റേയും - പൊതുമരാമത്തിന്റെയും ഫണ്ട് യോജിപ്പിച്ചാണ് പദ്ധതി.
മയ്യിൽ–- ചെക്യാട്ട്കാവ്- –-എരഞ്ഞിക്കടവ് റോഡ് നാല് കോടി രൂപയും പൂമംഗലം-–-കൂനം റോഡിലെ ഒരു കിലോമീറ്റർ ദൂരം ഒരുകോടി രൂപയും ചെലവഴിച്ച് മെക്കാഡം ടാർ ചെയ്ത് എയർപോർട്ട് ലിങ്ക് റോഡുമായി ബന്ധിപ്പിക്കും. പൂമംഗലം –-കൂനം റോഡിന്റ പ്രവൃത്തി പൂർത്തീകരിക്കാൻ തുക ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മണ്ഡലത്തിൽ 13 കോടി രൂപയുടെ ലിങ്ക് റോഡ് പ്രവൃത്തികൾക്ക് അന്തിമരൂപമായി. പാളിയത്ത് വളപ്പ്-–-ചേര-–- പാന്തോട്ടം റോഡ് (നാല് കോടി), പരണൂൽ ജങ്‌ഷൻ-–-കൂവോട്-–-ഏഴാംമൈൽ റോഡ് (മൂന്ന് കോടി), കുപ്പം–- -മുതുകുട–- -പാറമ്മൽ കടവ് റോഡ് (2.5 കോടി) എന്നിവ മെക്കാഡം ചെയ്യാനുള്ള ടെൻഡറാണ് പൂർത്തിയായത്. ഈ റോഡുകൾ 10 മീറ്റർ വീതിയിൽ വികസിപ്പിക്കും. ധർമശാല–- -പറശ്ശിനിക്കടവ് റോഡ് (1.5 കോടി) ടെൻഡറെടുത്തിട്ടും പണി തുടങ്ങാതിരുന്ന കരാറുകാരനെ ഒഴിവാക്കി റീടെൻഡർ ചെയ്യാൻ നടപടിയായി.
വേളാപുരം-–- പറശ്ശിനിക്കടവ് റോഡിന്റെ (രണ്ട് കോടി) ടെൻഡർ നടപടി പൂർത്തിയായി. ഇതിന്റെ പണി ഉടൻ ആരംഭിക്കുമെന്ന് ജയിംസ് മാത്യു എംഎൽഎ അറിയിച്ചു. തളിപ്പറമ്പ് പൊതുമരാമത്ത് റസ്റ്റ്ഹൗസിൽ ജയിംസ്‌മാത്യു എംഎൽഎ വിളിച്ച ഉദ്യോഗസ്ഥ യോഗത്തിലാണ് തീരുമാനം.
No comments
Post a Comment