കണ്ണൂര്‍ നഗരത്തില്‍ ക്വട്ടേഷന്‍ സംഘത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് 22കാരിയായ യുവതി
കണ്ണൂര്‍ :
ജില്ലയെ ഞെട്ടിച്ച് പെണ്‍ക്വട്ടേഷന്‍. കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരമധ്യത്തില്‍ പട്ടാപകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിനു പിന്നില്‍ 22 വയസ്സുകാരിയായ യുവതിയെന്നു പൊലീസ് കണ്ടെത്തി. ക്വട്ടേഷന്‍ വിവരമറിഞ്ഞു സംഘത്തെ പൊലീസ് വളഞ്ഞതോടെ കാറില്‍ നിന്നു രക്ഷപ്പെട്ടവരില്‍ യുവതിയുമുണ്ടായിരുന്നു.
ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കാനാണു പൊലീസിന്റെ തീരുമാനം.
കണ്ണൂര്‍ നഗരത്തിലെ താമസക്കാരിയാണു യുവതിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയത്തിനു വാടക ഇനത്തില്‍ നല്‍കിയ തുകയില്‍ 30,000 രൂപ തിരിച്ചു ലഭിക്കാത്തതിനെ ചൊല്ലി വ്യാപാരിയുമായി പ്രശ്നമുണ്ടായിരുന്നു.
ഇതേ തുടര്‍ന്നു വാങ്ങാന്‍ ചെന്നതാണെന്നും വെറുതെ ഭീഷണിപ്പെടുത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നുമാണു സംഘം മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ 30000 രൂപയ്ക്കു വേണ്ടി മാത്രമായി ക്വട്ടേഷന്‍ സംഘം പട്ടാപകല്‍ നഗരമധ്യത്തില്‍ ആക്രമണത്തിന് ഇറങ്ങിയെന്നു പൊലീസ് വിശ്വസിക്കുന്നില്ല. സംഭവത്തില്‍ വിശദ അന്വേഷണം നടത്താനാണു പൊലീസ് തീരുമാനം.
അതേസമയം കേസില്‍ പരാതി നല്‍കാന്‍ ആക്രമിക്കപ്പെട്ട വ്യാപാരി തയാറായിട്ടില്ല. ഇതു കൊണ്ടു തന്നെ യുവതിയെ കേസില്‍ പ്രതിചേര്‍ക്കാന്‍ പൊലീസിനു പ്രായോഗിക തടസ്സമുണ്ട്. നിലവില്‍ പൊലീസിനെ ആക്രമിച്ചെന്ന കേസിലാണു ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 5 പേരെ അറസ്റ്റ് ചെയ്തത്.
No comments
Post a Comment