വ്യവസായിയെ തട്ടിക്കൊണ്ടുപോയി സ്വത്ത് കൈക്കലാക്കാൻ ശ്രമം
ഇരിട്ടി:
കരിക്കോട്ടക്കരി എടപ്പുഴയിലെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി വസ്തുവകകൾ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ഭാര്യാ സഹോദരനുൾപ്പെടെ ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ പിടിയിൽ. ഖത്തറിലും എറണാകുളത്തും വ്യവസായ സംരംഭങ്ങൾ നടത്തുന്ന എടപ്പുഴയിലെ മുളന്താനത്ത് ടിൻസ് വർഗീസിനെയാണ് തട്ടിക്കൊണ്ടുപോയത്. ടിൻസിന്റെ ഭാര്യാസഹോദരൻ എറണാകുളം പൂക്കാട്ടുപടി ഒലിക്കൽ ഷിന്റോ മാത്യുവും സഹായി കേളകം ചുങ്കക്കുന്നിലെ മംഗലത്ത് എം ജെ സിജോയുമാണ് പിടിയിലായത്. അച്ഛൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്നുപറഞ്ഞ് എത്തിയ ഷിന്റോ മാത്യുവും സിജോയും ടിൻസിനെ വീട്ടിൽനിന്ന് കാറിൽ കൂട്ടിക്കൊണ്ടുപോയി. വഴിമധ്യേ ഇരിട്ടിക്കടുത്ത കപ്പച്ചേരിയിൽവച്ച് ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർകൂടി കാറിൽ കയറി. കാർ വഴിമാറി ഇരിക്കൂർ ഊരത്തൂരിലെ ചെങ്കൽപ്പണയിലെത്തിച്ച് ടിൻസിനെ ഭീഷണിപ്പെടുത്തി ബ്ലാങ്ക് ചെക്കുകളിലും മുദ്രപ്പത്രത്തിലും ഓഹരി കൈമാറ്റ കടലാസിലും ബലം പ്രയോഗിച്ച‌് ഒപ്പിട്ടുവാങ്ങി. ടിൻസ‌് പങ്കാളിയായ എറണാകുളത്തെ കച്ചവടസ്ഥാപനം കൈക്കലാക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. മുമ്പ‌് ഖത്തറിൽ ടിൻസിന്റെ വ്യാപര പങ്കാളിയായിരുന്ന തുണ്ടിയിലെ സനീഷ് വി മാത്യുമാണ് സംഘത്തിന്റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ഷിന്റോയെയും ഉൾപ്പെടുത്തി പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. ആവശ്യം അംഗീകരിക്കാമെന്നുപറഞ്ഞ ടിൻസ് പെരുവളത്തുപറമ്പിൽനിന്ന് രക്ഷപ്പെട്ട് ഇരിക്കൂർ സ്‌റ്റേഷനിലെത്തുകയായിരുന്നു. ക്വട്ടേഷൻ സംഘം സഞ്ചരിച്ച വാഹനം പൊലീസ് പിന്തുടർന്ന‌് തളിപ്പറമ്പിലെത്തി പിടികൂടി. വാഹനത്തിലുണ്ടായ ഷിന്റോയും സിജോയും പിടിയിലായി. മറ്റ‌് പ്രതികൾ രക്ഷപെട്ടു. ടിൻസിന്റെ ലാപ്‌ടോപ് പൊലിസ് കണ്ടെത്തിയെങ്കിലും ഫോൺ, പാസ്‌പോർട്ട്, ഒപ്പിട്ട രേഖകൾ എന്നിവ കണ്ടെത്താനായില്ല. പ്രതികളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി.
No comments
Post a Comment