എയ്‍ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ നിയന്ത്രണത്തില്‍ പിന്നോട്ടില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: എയ്‍ഡഡ് സ്കൂൾ അധ്യാപക നിയമനത്തിന് മുൻകൂർ സർക്കാർ അനുമതി വേണമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. തോന്നുംപടി സൃഷ്ടിക്കുന്ന തസ്തികകള്‍ക്ക് ഇനി പണമില്ലെന്നും അദ്ദേഹം പറഞ്ഞു.
എയ്‍ഡഡ് സ്കൂള്‍ നിയമനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ മാറ്റമില്ല. തീരുമാനവുമായി മുന്നോട്ടുപോകും. അധ്യാപക നിയമനങ്ങള്‍ പരിശോധിക്കാന്‍ തയാറുണ്ടോയെന്ന് ധനമന്ത്രി ചോദിച്ചു. ഒരു ക്രമക്കേടുമില്ലെങ്കില്‍ പരിശോധന നടത്തുന്നതിന് എന്താണ് തടസം. തോന്നുംപടി സൃഷ്ടിക്കുന്ന തസ്തികകള്‍ക്ക് ഇനി പണമില്ല. സര്‍ക്കാര്‍ എടുത്ത തീരുമാനവുമായി മുന്നോട്ടുപോകും. എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം എതിര്‍ക്കുന്നതെന്നറിയില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
അതേസമയം അധ്യാപക നിയമനം അടക്കമുളള വിഷയങ്ങൾ ഉയർത്തിക്കാട്ടി സർക്കാരിനെതിരെ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷം. തിങ്കളാഴ്ച കെപിസിസി യോഗം ചേർന്ന് സമരപരിപാടി തീരുമാനിക്കും. അധ്യാപക നിയമനത്തിലെ ഇടപെടലിനെതിരെ മാനേജ്‍മെന്‍റുകള്‍ നിയമ നടപടിക്കൊരുങ്ങുമ്പോള്‍ രാഷ്ട്രീയമായി നേരിടാനാണ് പ്രതിപക്ഷനീക്കം. സർക്കാർ ജീവനക്കാരുടെ പുനർവിന്യാസത്തിനെതിരെ പ്രതിപക്ഷ സർവ്വീസ് സംഘടനകൾ പ്രതിഷേധത്തിലാണ്. ബജറ്റിൽ അനുകൂല പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികളും സമരത്തിന് തയ്യാറെടുക്കുകയാണ്. കടകളിൽ ജിഎസ്ടി പരിശോധന വ്യാപകമാക്കിയാൽ ഉദ്യോഗസ്ഥരെ തടയുമെന്നാണ് മുന്നറിയിപ്പ്.
No comments
Post a Comment