കൂടത്തായി കൊലപാതക പരമ്പര: അവസാന കുറ്റപത്രം നാളെ സമര്‍പ്പിക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബര കേസിലെ അവസാന കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും. പൊന്നാമറ്റം അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം നല്‍കുന്നത്. താമരശേരി ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി അന്നമ്മയുടെ കൊലപാതകം നടത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. ജോളി മാത്രമാണ് കേസില്‍ പ്രതി.
2012 ഓഗസ്റ്റ് 22ന് ആണ് അന്നമ്മ തോമസ് കൊല്ലപ്പെട്ടത്. കൂടത്തായി കൊലപാതക പരമ്ബരയില്‍ ആദ്യത്തെ കൊലപാതകമായിരുന്നു അന്നമ്മ തോമസിന്റേത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മാതാവാണ് അന്നമ്മ. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമായി കുറ്റപത്രത്തില്‍ പറയുന്നത്.
പ്രീ ഡിഗ്രി വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള ജോളി ഉന്നത വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നാണ് ഭര്‍ത്താവിന്റെ ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്. ജോലിക്ക് ശ്രമിക്കുന്നില്ലേയെന്ന് അന്നമ്മ ജോളിയോട് ചോദിക്കുകയും ചെയ്തിരുന്നു.
വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവായി അന്വേഷണ സംഘം ചൂണ്ടി കാണിക്കുന്നത്.
No comments
Post a Comment