Header Ads

  • Breaking News

    കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിനു സമീപത്തെ വനപ്രദേശത്തെ പാതയോരത്തു കണ്ടെത്തിയ വെടിയുണ്ടകൾ .വിശദ പരിശോധ നടത്തും




    കൊല്ലം:
    തിരുവനന്തപുരം- തെന്മല സംസ്ഥാന പാതയിൽ കുളത്തൂപ്പുഴ വനമേഖലയിൽ റോഡരികിൽ കവറിൽ പൊതിഞ്ഞ് 14 വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.12 എണ്ണത്തിൽ പിഒഎഫ് (പാക്കിസ്ഥാൻ ഓർഡനൻസ് ഫാക്ടറി) എന്നു രേഖപ്പെടുത്തിയിരിക്കുന്നത് അതീവ ഗുരുതരമാണെന്ന് ഉന്നതർ വ്യക്തമാക്കി. ഇന്ത്യൻ സേനകൾ ഉപയോഗിക്കുന്ന തിരകളിൽ ഐഒഎഫ് (ഇന്ത്യൻ ഓർഡനൻസ് ഫാക്ടറി) എന്നാണു രേഖപ്പെടുത്തുന്നത്.  വെടിയുണ്ടകളിൽ 12 എണ്ണത്തിൽ1980–82 വർഷത്തിൽ നിർമിച്ചതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടെണ്ണത്തിൽ ഇതില്ല. നിർമാണ വിവരങ്ങളില്ലാതെ വെടിയുണ്ട നിർമിക്കുന്നത് അതീവ ഗുരുതരമാണ്.ആയുധ നിയമ പ്രകാരം സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസായതിനാല്‍ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ഉണ്ടാവുമെന്നാണ് സൂചന.


    12 എണ്ണം പൗച്ചിലും (വെടിയുണ്ടകൾ വയ്ക്കുന്ന ബെൽറ്റ്) 2 എണ്ണം വേറിട്ട നിലയിലുമായിരുന്നു. സൈന്യവും പൊലീസും ഉപയോഗിക്കുന്നതരം വെടിയുണ്ടകളാണെന്നു പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ലോങ് റേഞ്ചിൽ വെടിവയ്ക്കാവുന്ന തോക്കുകളിൽ ഉപയോഗിക്കുന്ന 7.62 എംഎം ഉണ്ടകളാണിവ. മിലിറ്ററി ഇന്റലിജന്റ്‍സ് ഉദ്യോഗസ്ഥർ ഇന്നോ നാളെയോ സ്ഥലം സന്ദർശിച്ചേക്കും. അന്വേഷണം ആന്റി ടെററിസ്റ്റ് സ്ക്വാഡിനു കൈമാറി. ഡിഐജി അനൂപ് കുരുവിള ജോണിനാണ് അന്വേഷണച്ചുമതല. വെടിയുണ്ടകൾ വിദേശത്തു നിന്നു കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.


    ഇന്നലെ 3 മണിയോടെ കുളത്തൂപ്പുഴ- മടത്തറ പാതയിൽ മുപ്പതടി പാലത്തിനു സമീപമാണു വെടിയുണ്ടകൾ കണ്ടത്. അതുവഴി കടന്നുപോയ കുളത്തൂപ്പുഴ മടത്തറ ഒഴുകുപാറ സ്വദേശി ജോഷി, സുഹൃത്ത് തിരുവനന്തപുരം ഭരതന്നൂർ സ്വദേശി അജീഷ് എന്നിവരാണു പത്രക്കടലാസിൽ പൊതിഞ്ഞു പ്ലാസ്റ്റിക് കവറിലാക്കിയ നിലയിൽ ഇവ കണ്ടത്. കവർ കിടക്കുന്നതു കണ്ടു സംശയം തോന്നി വടി കൊണ്ട് ഇളക്കി നോക്കുകയായിരുന്നു.    ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് വൻ പൊലീസ് സംഘവും ഫൊറൻസിക് - വിരലടയാള വിഭാഗവും ബോംബ് സ്ക്വാഡും ആർമറി വിഭാഗവും എത്തി പരിശോധിച്ചു. മുപ്പതടിപ്പാലത്തിനു സമീപത്തെ വനപ്രദേശത്തു മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചും പരിശോധന നടത്തി.


    എല്ലാ തിരകളിലും അതു നിർമിക്കുന്ന സ്ഥലവും വർഷവും രേഖപ്പെടുത്തും. അതിനാൽ കേരള പൊലീസിൽ നിന്നു കാണാതായ പോയ വെടിയുണ്ട ആണോ ഇവയെന്നും കണ്ടെത്താൻ കഴിയും. ലഭിച്ച വെടിയുണ്ടകളിൽ വിശദ പരിശോധന നടത്താൻ പ്രത്യേക സംഘത്തിനു ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നിർദേശം നൽകി. കേരള പൊലീസിന്റെ കാണാതായ വെടിയുണ്ടകളുടെ വിശദാംശം ക്രൈംബ്രാഞ്ചിന്റെ കൈവശമുണ്ട്. കഴിഞ്ഞ ജനുവരി 28നു പ്രസിദ്ധീകരിച്ച മലയാളം ദിനപത്രത്തിലും തമിഴ് പത്രക്കടലാസിലുമായി പൊതിഞ്ഞാണ് ഇവ ഉപേക്ഷിച്ചിരുന്നത്.സംഭവം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും.

    No comments

    Post Top Ad

    Post Bottom Ad