Header Ads

  • Breaking News

    ഇനി മുതൽ ക്ലാസ് കട്ടു ചെയ്യാതെ ഉച്ചകഴിഞ്ഞ് കറങ്ങി നടക്കാം; കോളേജുകളിലെ അദ്ധ്യായന സമയം ചുരുക്കുന്നത് സംബന്ധിച്ച കാര്യം സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് കെടി ജലീല്‍


    തിരുവനന്തപുരം: 
    സംസ്ഥാനത്തെ കോളേജുകളിലെ അദ്ധ്യായന സമയത്തിൽ മാറ്റം വരുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ കോളേജുകളിലെ അദ്ധ്യായന സമയം ചുരുക്കുന്നത് സംബന്ധിച്ച കാര്യം സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ വ്യക്തമാക്കി.
    ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സമയം രാവിലെ പത്തു മുതല്‍ നാലുവരെ എന്നുള്ളത്, രാവിലെ എട്ടുമുതല്‍ ഒരുമണി വരെയാക്കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
    മുമ്പ് പ്രീഡിഗ്രിക്ക് ഷിഫ്റ്റ് സമ്ബ്രദായം ഉണ്ടായിരുന്നപ്പോള്‍ എട്ടുമുതലും ഉച്ചയ്ക്ക് ഒന്നുമുതലും ക്ലാസുകള്‍ നടത്തിയിരുന്നു. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായതിനാല്‍ സമയക്രമം നിശ്ചയിക്കാനുള്ള അധികാരം വകുപ്പിനാണ്. സര്‍വകലാശാലാ വകുപ്പുകള്‍ നടത്തുന്ന കോഴ്‌സുകളില്‍ സര്‍വകലാശാലകള്‍ തീരുമാനമെടുക്കണം. ഇപ്പോള്‍ ലഭിക്കുന്ന അഞ്ചുമണിക്കൂര്‍ തന്നെ പുതിയ സമയക്രമത്തില്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോളേജുകളിലേക്കുള്ള ദൂരകൂടുതലും യാത്രാ അസൗകര്യങ്ങളുമായിരുന്നു പത്ത് മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കാരണം.
    അധ്യാപക, വിദ്യാര്‍ഥി സംഘടനാ ഭാരവാഹികള്‍, മാനേജ്മെന്റ് പ്രതിനിധികള്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചു ചേര്‍ത്ത് ഇക്കാര്യത്തില്‍ അഭിപ്രായൈക്യം ഉണ്ടാക്കാനാണ് ആലോചിക്കുന്നത്. വിദേശ രാജ്യങ്ങളിലെപ്പോലെ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനൊപ്പം ജോലി ചെയ്തു പണം സമ്പാദിക്കാൻ അവസരം നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു.
    ക്ലാസുകള്‍ രാവിലെ ആക്കിയാല്‍ ശേഷിക്കുന്ന സമയം പാര്‍ട്ട് ടൈം ജോലികള്‍ക്കായി വിനിയോഗിക്കാം. ക്ലാസ് രാവിലെ ആക്കിയാല്‍ ഉച്ചതിരിഞ്ഞുള്ള സമയം തൊഴിലിനു മാത്രമല്ല പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കാം. പ്രായോഗിക പരിശീലനം നേടേണ്ട കോഴ്സുകളാണെങ്കില്‍ ഈ സമയം അതിനും പ്രയോജനപ്പെടുത്താം. ഇപ്പോള്‍ നാലിനു കോളജ് വിട്ടാല്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും സമയം ലഭിക്കുന്നില്ല.

    No comments

    Post Top Ad

    Post Bottom Ad