കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യം; കെ.സുരേന്ദ്രന്‍
തൃശൂർ: എം.ടി.രമേശും ശോഭ സുരേന്ദ്രനും എ.എന്‍.രാധാകൃഷ്ണനും തന്റെ ടീമിലുണ്ടാകുമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രന്‍. നയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ സഹപ്രവര്‍ത്തകരെല്ലാം ഒപ്പമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പ്രസിഡന്റ് മഹാനാണെന്ന നിലപാടില്ല. ടീമാണ് എല്ലാം ചെയ്യുന്നത്. അധ്യക്ഷപദവിയിലേക്ക് പല പേരുകള്‍ വന്നത് ശുഭസൂചനയാണ്.
പൊലീസിലെ അഴിമതിയുടെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫിസാണ്‍. സംഭവിച്ചത് രാഷ്ട്രീയ അഴിമതിയാണ്. രമേശ് ചെന്നിത്തലയുടെ കാലത്തും പൊലീസില്‍ വന്‍ അഴിമതി നടന്നു. മാവോയിസ്റ്റ് ഭീഷണിയുടെ മറവില്‍ പൊലീസിന്റെ പണം ദുരുപയോഗിച്ചതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരും. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിജെപി സമരം ശക്തമാക്കും.
ഹൈന്ദവരെ കേന്ദ്രീകരിച്ചുമാത്രമല്ല ബിജെപി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യം. എ.പി.അബ്ദുല്ലക്കുട്ടിയും എ.കെ.നസീറുമെല്ലാം പറയുന്നത് മുസ്‍ലിം സമൂഹം കേള്‍ക്കുന്നുണ്ട്. അത് തടയാന്‍ ശ്രമിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു. കേരളത്തില്‍ ഇരുമുന്നണികളും ഒരുവശത്തും ബിജെപി മറുവശത്തും നില്‍ക്കുന്ന അസാധാരണ രാഷ്ട്രീയസാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
No comments
Post a Comment