മട്ടന്നൂർ മാലൂരിലെ യുവാവിന്റെ മരണം കൊലപാതകമോ ?പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്ത് പോലീസ്; ഒരാൾകസ്റ്റഡിയിൽ
മട്ടന്നൂർ:
ആൾത്താമസമില്ലാത്ത വീടിന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
മാലൂർ കുണ്ടേരിപ്പൊയിൽ കരിവെള്ളൂരിലെ പൃഥിയിൽ ഗംഗാധരന്റെ മകൻ പി. ദിജിലിനെ(32)യാണ് ഇന്നലെ രാവിലെ വീടിന് സമീപത്തുള്ള നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.
ശനിയാഴ്ച രാത്രി 10.30 ഓടെ പുറത്തു പോകുന്നുവെന്ന് പറഞ്ഞു വീട്ടിൽ നിന്നു ഇറങ്ങിയ ശേഷം ഇന്നലെ രാവിലെ 9.40 ഓടെയാണ് വീട്ടിൽ നിന്നും കുറച്ചകലെയുള്ള ബാലകൃഷ്ണൻ ചെപ്രാടത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്തതും പണി പൂർത്തിയാകാത്തതുമായ വീടിനോടു ചേർന്നുള്ള കിണറിന്റെ ആൾമറയോടു ചേർന്നുള്ള സ്ഥലത്തു കഴുത്തിൽ കയർ കുടുക്കി മരിച്ചു കിടക്കുന്ന നിലയിൽ ദിജിലിന്റെ മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് മാലൂർ എസ്ഐ ടി.പി. രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും മരണത്തിൽ ദുരൂഹതയുള്ളതിനെ തുടർന്ന് ഡോംഗ് സ് ക്വാഡും ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
മുഖത്തും മറ്റും മുറിഞ്ഞ് രക്തം വന്ന നിലയിലായിരുന്നു ദിജിലിന്റെ മൃതദേഹം കടന്നിരുന്നത്. ആൾമറയുടെ കല്ലുകൾ ഇളകി താഴെ വീണ നിലയിലുമായിരുന്നു. കഴുത്തിൽ കുടുക്കിയ കയർ കിണറിൽ നിന്ന് വെള്ളം കോരാൻ കെട്ടിയ കപ്പിയിൽ കെട്ടിയ നിലയിലുമായിരുന്നു. ഗൾഫിൽ ജോലി ചെയ്തിരുന്ന ദിജിൽ രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്.
ഇപ്പോൾ ലൈനിൽ വാഹനത്തിൽ പച്ചക്കറിക്കച്ചവടം നടത്തി വരികയാണ്. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷമായിരിക്കും മരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് കണ്ടെത്താനാകൂ. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ മാലൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളെ ചോദ്യം ചെയ്തു വരികയാണ്. മൃതദേഹത്തിനടുത്തെത്തിയ ഡോഗ് സ്ക്വാഡ് സമീപത്തെ കുളത്തിനടുത്തേക്ക് മണം പിടിച്ചു ഓടി. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയതും ഒരാളെ കസ്റ്റഡിയിലെടുത്തതും.
മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ നിന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്കരിക്കും. കരിവെള്ളൂരിലെ പരേതനായ സി.ഗംഗാധരന്റെയും ദാക്ഷായണിയുടെയും മകനാണ് മരിച്ച ദിജിൽ. ഭാര്യ: ദിൽബ. മകൾ വേദ ( എൽകെജി വിദ്യാർഥി).
No comments
Post a Comment