കരുണ സംഗീത പരിപാടി: സംഘാടകർ തട്ടിപ്പ് നടത്തിയെന്ന പരാതി കൊച്ചി സിറ്റി പൊലീസ് അന്വേഷിക്കും
കൊച്ചി: കരുണ സംഗീത പരിപാടിയുടെ പേരിൽ സംഘാടകർ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം നടത്താന്‍ തീരുമാനമായി. യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ ജില്ല കളക്ടർക്ക് നൽകിയ പരാതി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. കരുണ സംഗീത പരിപാടിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഉൾപ്പെടെ പേര് ദുരുപയോഗം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പരാതി.
സംഭവം കൂടുതൽ വിവാദങ്ങളിലേക്ക് എത്തിയതോടെയാണ് പരാതിയിൽ അന്വേഷണം നടത്താൻ ജില്ല കളക്ടർ എസ് സുഹാസ് നിർർദ്ദേശിച്ചത്. പരിപാടിയുടെ രക്ഷാധികാരി എന്ന നിലയിൽ കളക്ടറുടെ പേര് ഉപയോഗിച്ചതിന് എതിരെ സുഹാസ് ബിജിപാലിന് നോട്ടീസ് നൽകിയിരുന്നു. സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത് റീജിയണൽ സ്പോർട്സ് സെന്‍റര്‍ ഭാരവാഹികളാണെന്നും താൻ ഇടപെട്ടിട്ടില്ലെന്നുമാണ് കളക്ടറുടെ നിലപാട്.
അതേസമയം, ആഷിക് അബുവിനെതിരെ കോൺഗ്രസ് യുവനേതാവും എറണാകുളം എംപിയുമായ ഹൈബി ഈഡനും രംഗത്ത് വന്നു. സംഭാവന നല്‍കിയതിന്റെ ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി ഫെബ്രുവരി 14 ആണ്. അതായത് ആരോപണം ഉന്നയിക്കപ്പെട്ടതിന് ശേഷമാണ് ആഷിക് അബു 6.22 ലക്ഷം രൂപ ദുരിതാശ്വാധനിധിയിലേക്ക് കൈമാറിയതെന്ന ഹൈബി പറയുന്നു. സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നതിന് ശേഷം പണം കൊടുത്ത് തലയൂരിയ എം.എം. മണിയുടെ ശിഷ്യന്മാര്‍ക്ക് പുതുമയല്ല. കട്ട പണം തിരികെ നല്‍കി മാതൃകയാവുന്നുവെന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്നും ഹൈബി ഈഡൻ ഫേസ്ബുക്കിൽ കുറിച്ചു.
No comments
Post a Comment