തൃശൂരില്‍ കൊറോണ ബാധിച്ച വിദ്യാര്‍ത്ഥിനിയുടെ രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവ്
തൃശൂര്‍: തൃശൂരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. അടുത്ത ഒരു പരിശോധനഫലം കൂടി നെഗറ്റീവ് ആയാല്‍ രോഗം മാറിയതായി സ്ഥിരീകരിക്കാം.
രണ്ട് പരിശോധന ഫലവും നെഗറ്റീവ് ആയി ലഭിച്ചാലും ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാകും വരെ രോഗി നിരീക്ഷണത്തില്‍ തുടരും. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആദ്യം വൈറസ് ബാധ കണ്ടെത്തിയ വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവ് ആയതോടെ കേരളത്തില്‍ വൈറസ് ബാധ നിയന്ത്രണവിധേയമാകുന്നുവെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് ആരോഗ്യ മന്ത്രി നേരത്തെ പിന്‍വലിച്ചിരുന്നു.
എന്നാല്‍ 28 ദിവസത്തെ നിരീക്ഷണ കാലാവധി കൂടി പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ വിമുക്തമാകൂ എന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവില്‍ മറ്റ് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗ ബാധിതരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 3144 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 45 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 70 വിദ്യാര്‍ത്ഥികളില്‍ 66 പേരുടെയും ഫലം നെഗറ്റീവാണ്.
No comments
Post a Comment