കാട്ടാക്കട കൊലപാതകം: നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവാവിനെ ജെ.സി.ബി ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ വീഴ്ച വരുത്തിയ നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ ഹരികുമാർ, ബൈജു, സുകേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. കൊല്ലപ്പെട്ട സംഗീത് മണ്ണുമാഫിയയെ കുറിച്ച് വിവരമറിയിച്ചിട്ടും സ്ഥലത്ത് എത്താതിരുന്നതിനാണ് നടപടി.
സ്വന്തം പുരയിടത്തിൽ നിന്നും മണ്ണ് കടത്തുന്നത് തടഞ്ഞതിനായിരുന്നു കാഞ്ഞിരംവിള വീട്ടിൽ സംഗീതിനെ മണ്ണ് മാഫിയ ജെ.സി.ബി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്.
യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി നേരത്തെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു. ആക്രമണ വിവരം സ്റ്റേഷനിൽ അറിയിച്ചിട്ടും പൊലീസ് എത്താൻ ഒന്നര മണിക്കൂർ വൈകിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.പുരയിടത്തില്‍ നിന്ന് അനുവാദമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിന് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ സംഘം ജെസിബി ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രാത്രിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പൊലീസില്‍ വിളിച്ച് അറിയിച്ചിരുന്നെങ്കിലും സമയത്ത് എത്താതെ പൊലീസ് കാണിച്ച അനാസ്ഥ യുവാവിന്‍റെ മരണത്തിന് ഇടയാക്കിയെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. പ്രതിപ്പട്ടികയിലുള്ള എട്ട് പേരെയും പൊലീസ് പിടികൂടി. മണ്ണുമാന്തിയന്ത്രം ഉടമ സജു, ടിപ്പർ ഉടമ ഉത്തമൻ, ജെസിബി ഓടിച്ച വിജിൻ, ടിപ്പർ ഓടിച്ച ലിനു, സംഘത്തിലുണ്ടായിരുന്ന മിഥുൻ, ഇവരെ സഹായിച്ച ലാൽകുമാർ, അനീഷ്, ബൈജു എന്നിവരാണ് പൊലീസ് പിടിയിലായ പ്രതികള്‍.
No comments
Post a Comment