Header Ads

  • Breaking News

    പൈതൃക ടൂറിസം പദ്ധതി: തലശ്ശേരി നഗരത്തില്‍ മൂന്നെണ്ണം ഉദ്ഘാടനത്തിനൊരുങ്ങി



    തലശ്ശേരി: 
    തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി തലശ്ശേരി നഗരത്തില്‍ പൂര്‍ത്തിയായ മൂന്ന് പദ്ധതികള്‍വരുന്ന മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യും. ഗുണ്ടര്‍ട്ട് ബംഗ്ലാവ് പൈതൃക സംരക്ഷണ പദ്ധതി, പിയര്‍ റോഡ്, ഫയര്‍ ടാങ്ക് വികസനം എന്നിവയാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. പിയര്‍ റോഡിന് 2.12 കോടി, ഗുണ്ടര്‍ട്ട് ബംഗ്ലാവിന് 2.70 കോടി, ഫയര്‍ടാങ്കിന് 60 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

    ജഗന്നാഥ ക്ഷേത്രത്തില്‍ നവോത്ഥാന മ്യൂസിയം, താഴെയങ്ങാടി പൈതൃക തെരുവ്, സെയിന്റ് ആംഗ്ലിക്കന്‍ ചര്‍ച്ച് സംരക്ഷണം എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കും. ജവാഹര്‍ ഘട്ടില്‍ വെളിച്ചമൊരുക്കും. രണ്ടാം ഘട്ടത്തില്‍ ഗുണ്ടര്‍ട്ട് ബംഗ്ലാവ് ഡിജിറ്റല്‍ മ്യൂസിയമാക്കും. ലൈബ്രറിയും ഒരുക്കും. തലശ്ശേരി കടല്‍പ്പാലം ബലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുമെന്ന് മാരി ടൈം ബോര്‍ഡ് ചെയര്‍മാര്‍ വി ജെ മാത്യു പറഞ്ഞു.

    ഫ്‌ളോട്ടിങ് റസ്റ്റോറന്‍ഡ്, ഫ്‌ലോട്ടിങ് മാള്‍, വാട്ടര്‍ സ്‌പോര്‍ട്‌സ്, കയാക്കിങ് എന്നിവ തുടങ്ങും. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടത്തി. മാരിടൈം അക്കാദമി പോര്‍ട്ട് ഓഫീസില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളും തുടങ്ങും. ജര്‍മനി, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലുള്ള സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ഇവിടെതുടങ്ങാന്‍ സന്നദ്ധരാണെന്ന് അറിയിച്ചിട്ടുണ്ട്. 
    മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നവര്‍ക്കും ഇവിടെ നിന്നും പരിശീലനം നല്‍കും. കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലാണ് പരിശീലനം നല്‍കുക. കണ്ണൂരില്‍ ആയിക്കരയാണ് ഇതിനായി ഉദ്ദേശിക്കുന്നത്. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമാണ് വിപുലമായ പദ്ധതിയെന്ന് ആര്‍ക്കിടെക്ട് പി പി വിവേക് പറഞ്ഞു. പദ്ധതി അവലോകനത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍, സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ഡിവൈഎസ്പി കെ വി വേണുഗോപാല്‍, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad