Header Ads

  • Breaking News

    ഓവര്‍സ്പീഡ് പിടിക്കാനുള്ള ക്യാമറയെ ഓവര്‍സ്പീഡിലെത്തി ഇടിച്ചിട്ടു


    തളിപ്പറമ്പ് : 
    അമിത വേഗത്തിലോടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ സംസ്ഥാന പാതയോരത്ത് മോട്ടര്‍ വാഹന വകുപ്പു സ്ഥാപിച്ച ക്യാമറാ സംവിധാനം വാഹനമിടിച്ചു തകര്‍ന്ന് ഒരു മാസത്തോളം കഴിഞ്ഞിട്ടും അധികൃതര്‍ അറിഞ്ഞില്ല. തളിപ്പറമ്പ് ആലക്കോട് കൂര്‍ഗ് റോഡിലെ നാടുകാണി അല്‍മഖറിന് സമീപത്തുള്ള ക്യാമറകളുടെ നിയന്ത്രണ സംവിധാനമാണ് അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ച് തകര്‍ത്തത്. ഇരുഭാഗത്തുമുള്ള ക്യാമറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേബിളുകള്‍ സ്ഥാപിച്ച തൂണ്‍ ഇടിച്ചു തകര്‍ത്ത ശേഷം റോഡരികിലെ നിയന്ത്രണ സംവിധാനവും തകര്‍ത്തു. പൊലീസ് ട്രാഫിക് എന്‍ഡോഴ്‌സ്‌മെന്റ് സംവിധാനവും ആര്‍ടിഒയും ചേര്‍ന്ന് കെല്‍ട്രോണിന്റെ സഹകരണത്തോടെയാണ് ഇതു നിയന്ത്രിക്കുന്നത്.

    ഇത്തരത്തിലുള്ള ക്യാമറ സംവിധാനങ്ങള്‍ നാടുകാണിയിലും മുന്‍കാലങ്ങളില്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും നടത്തിപ്പ് ചെലവുകള്‍ സര്‍ക്കാര്‍ കൃത്യമായി നല്‍കാത്തതിനാല്‍ ഏതാനും മാസങ്ങളായി കെല്‍ട്രോണും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാറില്ലെന്ന് പറയുന്നു. റോഡിന് ഇരുഭാഗത്തുമായി സ്ഥാപിച്ച ക്യാമറകള്‍ക്ക് കീഴിലൂടെ അമിത വേഗത്തില്‍ കടന്നു പോകുന്ന വാഹനങ്ങളുടെ ചിത്രം ഈ സംവിധാനത്തിലൂടെ എടുത്ത ശേഷം വാഹന ഉടമയ്ക്ക് സംസ്ഥാനതല കണ്‍ട്രോളിങ് യൂണിറ്റില്‍ നിന്ന് പിഴ നോട്ടിസ് അയയ്ക്കുകയാണ് പതിവ്. എന്നാല്‍ ഒരു മാസമായി ഇതിന്റെ സംവിധാനങ്ങള്‍ തകര്‍ന്നിട്ടും ആര്‍ടിഒ, പൊലീസ് അധികൃതര്‍ ഇക്കാര്യം അറിഞ്ഞ മട്ടില്ല. 17.5 ലക്ഷം രൂപ ചെലവഴിച്ചാണ് നാടുകാണിയില്‍ ഈ സംവിധാനം സ്ഥാപിച്ചത്.

    വാഹനങ്ങളുടെ അമിതവേഗം അളക്കുന്ന ക്യാമറയ്‌ക്കൊപ്പം തന്നെ മറ്റൊരു ക്യാമറ കൂടി ഇതിലുണ്ടത്രെ. ഏത് വാഹനമാണ് ഇടിച്ചതെന്ന് ആ ക്യാമറ പരിശോധിച്ചാല്‍ കണ്ടെത്താന്‍ സാധിക്കും. പക്ഷേ അതില്‍ നിശ്ചിത ദിവസങ്ങള്‍ മാത്രമേ ദൃശ്യങ്ങള്‍ നിലനില്‍ക്കുകയുള്ളൂവെന്നതിനാല്‍ ഇനി ലഭിക്കാതെ വരുമോ എന്ന് ആശങ്കയുണ്ട്. ക്യാമറ സംവിധാനം തകര്‍ന്നത് അടുത്ത ദിവസം തന്നെ പരിശോധിക്കുമെന്ന് തളിപ്പറമ്പ് ജോ.ആര്‍ടിഒ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad