കുട്ടികൾക്ക് രണ്ട് വയസ്സായോ?, എങ്കിൽ അങ്കണവാടിയില്‍ പോകാം; പുതിയ തീരുമാനവുമായി സംസ്ഥാന സർക്കാർ
കുട്ടിക്കുറുമ്ബന്മാര്ക്ക് അങ്കണവാടിയില്‍ പോകാന്‍ മൂന്നുവയസ്സുവരെ കാത്തിരിക്കേണ്ട. രണ്ടുവയസ്സായാല്‍ കുഞ്ഞു ബാഗും വാട്ടര്‍ ബോട്ടിലുമായി അങ്കണവാടിയിലേക്ക് പിച്ചവയ്ക്കാം.
കുട്ടികളെ അങ്കണവാടിയില്‍ ചേര്‍ക്കാനുള്ള പ്രായം മൂന്നില്‍നിന്ന് രണ്ട് വയസ്സാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. കുട്ടികളുടെ ശാരീരിക, വൈകാരിക, ബൗദ്ധിക വികസനം ഉറപ്പാക്കാനും ജോലിക്കാരായ അച്ഛനമ്മമാരുടെ ആവശ്യം പരിഗണിച്ചുമാണ് പ്രായപരിധിയില്‍ ഇളവ്.
അങ്കണവാടി പ്രായപരിധി രണ്ടുവയസ്സായി കുറയ്ക്കണമെന്നത് ജോലിക്കാരായ മാതാപിതാക്കളുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. നഗരങ്ങളില്‍ വസിക്കുന്ന ജോലിക്കാരായ മാതാപിതാക്കള്‍ക്ക് ചെറിയ കുട്ടികളുടെ പരിചരണം പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.
വലിയ ഫീസ് വാങ്ങുന്ന ഡേ കെയറുകള്‍ കുട്ടികളുടെ ആരോഗ്യ പരിചരണത്തില്‍ വീഴ്ചവരുത്തുന്നതായും പരാതി ഉയരുന്നു.
17 ഇടങ്ങളില്‍ ആരംഭിക്കുന്ന ‘അങ്കണവാടി കം ക്രഷു’കളില്‍ ആറുമാസം മുതലുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രവേശനം നല്കാന് പദ്ധതിയുണ്ട്. ഇത്തരം ക്രഷുകള്‍ വിജയകരമെങ്കില്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
മറ്റിടങ്ങളില്‍ രണ്ട് വയസ്സ് മുതലുള്ള കുരുന്നുകളെ അങ്കണവാടിയില്‍ പ്രവേശിപ്പിക്കാനാണ് ആലോചിക്കുന്നത്.
മാതാപിതാക്കള്‍ക്ക് ഡേ കെയറുകളുടെ കഴുത്തറുപ്പന്‍ ഫീസില്‍നിന്ന് രക്ഷനേടാം. കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ശാസ്ത്രീയ ഭക്ഷണക്രമംമുതല് സമയാസമയമുള്ള ആരോഗ്യ പരിശോധനയും പ്രതിരോധ കുത്തിവയ്പുംവരെ ലഭ്യമാകുകയും ചെയ്യും.
അങ്കണവാടികളില്‍ പ്രവേശിപ്പിക്കുമെങ്കിലും മൂന്ന് വയസ്സില്‍ താഴെയുള്ള കുരുന്നുകളെ പാഠ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കില്ല. ഡേ കെയര്‍ സംവിധാനം എന്ന നിലയിലാകും കുട്ടികളുടെ പരിപാലനം.
No comments
Post a Comment