സംസ്ഥാനത്തെ മികച്ച താലൂക്ക് ആസ്പത്രിയായി പയ്യന്നൂർ
പയ്യന്നൂർ:
സംസ്ഥാനത്തെ മികച്ച താലൂക്ക് ആസ്പത്രിക്കുള്ള കായകൽപം പുരസ്കാരം പയ്യന്നൂർ താലൂക്ക് ആസ്പത്രിയ്ക്ക്. 97.3 ശതമാനം മാർക്കോടെയാണ് 15 ലക്ഷം രൂപയുടെ പുരസ്കാരം പയ്യന്നൂർ താലൂക്ക് ആസ്പത്രി നേടിയത്. കഴിഞ്ഞവർഷം സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ താലൂക്ക് ആസ്പത്രിയായിരുന്നു പയ്യന്നൂർ.
മികച്ച ശുചിത്വം, ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നത്. ആധുനിക ചികിത്സാസൗകര്യങ്ങളും മറ്റുമായി ദേശീയനിലവാരത്തിലേക്ക് ഉയരാനുള്ള പ്രയത്നത്തിനിടെയാണ് ആസ്പത്രിയ്ക്ക് പുരസ്കാരം ലഭിക്കുന്നത്. 150 കിടക്കകളും എട്ട് വിഭാഗങ്ങളിലായി 21 ഡോക്ടർമാരും ആസ്പത്രിയിലുണ്ട്. 20 കിടക്കകളുള്ള കുട്ടികളുടെ വാർഡ് ശീതീകരിച്ചതാണ്. കെട്ടിടങ്ങളും ലാബുകളും നവീകരിക്കുകയും ആധുനിക രീതിയിലുള്ള എക്സ് റേ സൗകര്യവും ആവശ്യമായ മരുന്നുകളും മറ്റും നഗരസഭ ലഭ്യമാക്കിയിട്ടുണ്ട്.
എക്സൈസ് വകുപ്പ് ജില്ലയിൽ അനുവദിച്ച ലഹരിവിമുക്ത ചികിത്സാകേന്ദ്രം പ്രവർത്തിക്കുന്നത് പയ്യന്നൂരിലാണ്. 18 വയസ്സിന് താഴെ ബുദ്ധിവികാസക്കുറവുള്ള കുട്ടികളുടെ പരിശീലനത്തിനായി സി.ഡി.എം.ആർ.പി. സെന്റർ, മുതിർന്നവർക്കുള്ള ജീവിതശൈലീരോഗ ക്ലീനിക്, പാലിയേറ്റീവ് ഒ.പി. എന്നിവ നിശ്ചിതദിവസങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. പൂന്തോട്ടം, കുട്ടികളുടെ പാർക്ക്, വായനാമുറി തുടങ്ങിയവയും ആസ്പത്രിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
56 കോടി രൂപയുടെ നിർമാണം
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആസ്പത്രിയുടെ വികസനത്തിനായി 56 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് നിലവിൽ നടന്നുവരുന്നത്. ശരാശരി ആയിരത്തിലേറെ രോഗികളാണ് ഒ.പി.യിൽ പരിശോധനകൾക്കായി എത്തുന്നത്. നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ ചെയർമാനായുള്ള ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെയും ആസ്പത്രി സൂപ്രണ്ട് ഡോ. എം.രാജേഷിന്റെയും നേതൃത്വത്തിലാണ് വികസനപ്രവർത്തനങ്ങൾ നടത്തുന്നത്.
No comments
Post a Comment