കുളത്തൂപ്പുഴയിൽ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികൾ
കൊല്ലം: കുളത്തൂപ്പുഴ വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാക്ക് നിർമ്മിതമാണെന്ന സംശയത്തിന്‍റെ സാഹചര്യത്തില്‍ കേന്ദ്ര കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. എൻഐഎ സംഘം അന്വേഷണത്തിന് എത്തിയേക്കും. ഇതോടൊപ്പം മിലട്ടറി ഇന്റലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും വനമേഖലയിൽ ഇന്നും പരിശോധന തുടരും. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. പതിനാല് വെടിയുണ്ടകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൊല്ലം റൂറൽ എസ് പിയുടെ നേതൃത്വത്തിൽ ഇന്നലെ ഉണ്ടകൾ പരിശോധിച്ചിരുന്നു. കണ്ടെത്തിയത് സർവ്വീസ് റിവോൾവറുകളിൽ ഉപയോഗിക്കുന്ന തിരകൾ അല്ലന്നാണ് പൊലീസ് നിഗമനം. രഹസ്യ അന്വേഷണ ഏജൻസികൾ ഉൾപ്പടെ ഇന്നും വെടിയുണ്ടകൾ പരിശോധിക്കും
7.62 എം എം വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ചിലതില്‍ പാകിസ്ഥാൻ ഓർഡിനൻസ് ഫാക്ടറി എന്നതിന്‍റെ ചുരുക്കെഴുത്തുണ്ട്. വെടിയുണ്ടകൾ പരിശോധിച്ച ഫൊറൻസിക് ഉദ്യോഗസ്ഥരാണ് ഈ ചുരുക്കെഴുത്ത് കണ്ടെത്തിയത്. വെടിയുണ്ടകള്‍ കണ്ടെത്തിയതിന്‍റെ അന്വേഷണം തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിട്ടു. നിലവിൽ കൊട്ടാരക്കര സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലായിരുന്നു സംഭവത്തിൽ അന്വേഷണം നടക്കുന്നിരുന്നത്. അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഡിഐജി അനൂപ് കുരുവിള ജോണിനാണ് അന്വേഷണച്ചുമതല.
No comments
Post a Comment