പഴയങ്ങാടി പാലത്തിന്റെ തകര്‍ന്ന കൈവരിയുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി
പഴയങ്ങാടി:
നാല്‍പ്പതാണ്ടിലധികം പഴക്കമുള്ള പഴയങ്ങാടി പാലം ബലപ്പെടുത്തല്‍ പ്രവൃത്തിക്കൊടുവില്‍ അപകടാവസ്ഥയിലായ കൈവരികള്‍ നന്നാക്കി.
പാലത്തിന്റെ ഒരുഭാഗത്തെ കൈവരി രാത്രിയില്‍ അജ്ഞാത വാഹനമിടിച്ചും എതിര്‍ഭാഗത്തേത് കാറിടിച്ചും തകര്‍ന്നതായിരുന്നു.
അജ്ഞാത വാഹനമിടിച്ച് തകര്‍ന്ന കൈവരിയുടെ ഭാഗത്ത് ആദ്യം മുളകൊണ്ടും പിന്നീട് പത്രവാര്‍ത്തയെത്തുടര്‍ന്ന് ഇരുമ്ബുപട്ട കൊണ്ടുമാണ് താത്കാലികമായി ഉറപ്പിച്ചിരുന്നത്.
കാറിടിച്ച് തകര്‍ന്ന ഭാഗമാകട്ടെ ചെറിയ ഇരുമ്ബുപൈപ്പ് ഉപയോഗിച്ച് കെട്ടിവെച്ചിരുന്ന കാര്യം മാതൃഭൂമി ചിത്രസഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കെ.എസ്.ടി.പി.റോഡും താവം മേല്‍പ്പാലവും ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ ദേശീയപാതയെ പാടെ ഒഴിവാക്കി വലിയ ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ പഴയങ്ങാടി പാലം വഴിയാണ് കടന്നുപോകുന്നത്.
ഇക്കാര്യങ്ങളൊക്കെ സ്ഥലം എം.എല്‍.എ. വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് പാലം ബലപ്പെടുത്താനായി മൂന്നുകോടി അനുവദിച്ചത്. കൈവരി നന്നാക്കിയതിനാല്‍ ആശ്വാസത്തോടെ ഇതിലൂടെ വാഹനങ്ങള്‍ക്ക് കടന്നു പോകാനാകുമെങ്കിലും പാലത്തില്‍ വെളിച്ചമില്ലാത്തത് രാത്രിയാത്രയ്ക്ക് അസൗകര്യം സൃഷ്ടിക്കും.
No comments
Post a Comment