സാമൂഹ്യനന്മ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് യുവത്വം മുന്നിട്ടിറങ്ങണം : ടി.വി രാജേഷ് എം.എൽ.എ
തളിപ്പറമ്പ്:
നാടിന്റെ നന്മയ്ക്കും പൊതുസമൂഹത്തിന്റെ വളർച്ചയ്ക്കും ദിശാബോധത്തോടെയുള്ള മാതൃകാപ്രവർത്തനങ്ങളുമായി മുന്നോട്ടുവരാൻ യുവജനങ്ങൾ മുന്നോട്ടുവരേണ്ടതുണ്ടെന്ന് കല്യാശ്ശേരി എം.എൽ.എ ടി.വി രാജേഷ് പറഞ്ഞു.യുവത്വത്തിന്റെ പ്രസരിപ്പും പ്രവർത്തനചടുലതയുമെല്ലാം ഇന്ത്യൻ സ്വാതന്ത്ര്യസമരമുൾപ്പെടെയുള്ള പോരാട്ടങ്ങൾക്ക് ശക്തിപകർന്നിട്ടുണ്ട്.അദ്ദേഹം പറഞ്ഞു.കണ്ണൂർ നെഹ്റു യുവ കേന്ദ്രയുമായി സഹകരിച്ച് പാണപ്പുഴ യുവശക്തി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിൽ സംഘടിപ്പിച്ച യുവത്വം – സമൂഹ നന്മയ്ക്ക് എന്ന ഏകദിന വിഷയാധിഷ്ഠിത അവബോധ -വിദ്യാഭ്യാസ ശിൽപ്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം.എൽ.എ.
യുവജനങ്ങൾക്ക് സമൂഹത്തെ ചലനാത്മകമാക്കാനും ദിശാബോധത്തോടെ നയിക്കാനും കഴിയുമെന്നതിന് ഒട്ടനവധി ഉദാഹരണങ്ങൾ ചരിത്രത്തെ ഉദ്ധരിച്ച് ചൂണ്ടിക്കാണിക്കാനാകും.ഇരുപത്തിമൂന്നാമത് വയസ്സിൽ ഇന്ത്യയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഭഗത്സിങ്ങുൾപ്പെടെയുള്ളവർ നടന്നുപോയ വഴി നമുക്കുമുന്നിലുണ്ട്.മാതാപിതാക്കളുടെ ആഗ്രഹപ്രകാരം മാത്രം ചിന്തിച്ച് മുന്നോട്ടുപോയിരുന്നെങ്കിൽ ലോക കണ്ടതിൽവച്ച് മഹാനായ നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതം
മറ്റൊരുതരത്തിലാകുമായിരുന്നു.നിരാലംബർക്കും ആശയറ്റുപോയവരുമായ ആളുകൾക്കും സഹായമെത്തിക്കുന്നതിൽ യുവാക്കൾക്ക് ആവേശമുണ്ടാകണം.ജനിച്ചുവീണ മണ്ണിൽ സത് പ്രവർത്തനങ്ങൾകൊണ്ട് അടയാളപ്പെടുത്താൻ യുവജനങ്ങൾക്ക് കഴിയണം.അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ പ്രൊഫ സി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.റഫീഖ് പാണപ്പുഴ,പയ്യന്നൂർ വിനീത് കുമാർ,മിഥുൻ നാരായണൻ,വി.സി അരുൺ എന്നിവർ സംസാരിച്ചു.യുവസാന്ത്വന പ്രവർത്തകരായ റിയാസ് പിലാത്തറ,സാബിത്ത്,റീന സദൻ എന്നിവരെ ടി.വി രാജേഷ് എം.എൽ.എ ആദരിച്ചു.ശിൽപ്പശാലയോടനുബന്ധിച്ച് സമൂഹ നിർമ്മിതിയിൽ യുവതയുടെ പങ്ക് എന്ന വിഷയത്തിൽ എം.കെ സിറാജുദ്ദീൻ,സാന്ത്വന പരിചരണം – യുവതയ്ക്ക് ചെയ്യാനുള്ളത് എന്ന വിഷയത്തിൽ ബി. അജയ്കുമാറും ദുരന്ത നിവാര ബോധവത്കരണ ക്ലാസ്സിനും പരിശീലനത്തിനും പയ്യന്നൂർ ഫയർ ആന്റ് റസ്ക്യു സ്റ്റേഷൻ ഓഫീസർ പി.വി പവിത്രനും നേതൃത്വം നൽകി.സമാപന സമ്മളനോദ്ഘാടനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കെ പത്മനാഭൻ നിർവ്വഹിച്ചു. ഐ.വി ശിവരാമൻ അദ്ധ്യക്ഷനായി. സി.വി വിവേക് പ്രസംഗിച്ചു. നൂറുകണക്കിന് യുവതീയുവാക്കൾ പങ്കെടുത്തു.
No comments
Post a Comment