നികുതി നിർദേശങ്ങൾ പിൻവലിക്കില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം : സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന് സബ്ജക്ട് കമ്മിറ്റിയില്‍ ധനമന്ത്രി തോമസ് ഐസക്. വന്‍കിടപദ്ധതികള്‍ക്ക് സമീപത്തുള്ള ഭൂമിയുടെ ന്യായവിലയില്‍ 30% വര്‍ധന വരുത്തിയത് നീതിയുക്തമാക്കാന്‍ റജിസ്ട്രേഷന്‍ വകുപ്പിന് സബ്ജക്ട് കമ്മിറ്റി നിര്‍ദേശം നല്‍കി. ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ ആധാരം പണയംവച്ച് വായ്പയെടുക്കുമ്പോള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയില്‍നിന്ന് ചെറുകിടക്കാരെ ഒഴിവാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാമെന്നും ധനമന്ത്രി പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ്, വാഹന മേഖലകളിലെ പുതിയ നികുതി നിര്‍ദേശങ്ങള്‍ മാന്ദ്യകാലത്ത് വന്‍തിരിച്ചടിയാകുമെന്നു പ്രതിപക്ഷാംഗങ്ങള്‍ സബ്ജക്ട് കമ്മിറ്റിയില്‍ ചൂണ്ടിക്കാണിച്ചു. വാഹന റജിസ്ട്രേഷന്‍ ഇനത്തിലെ വരുമാനത്തില്‍ ഒട്ടുംവളര്‍ച്ചയില്ലാത്ത സാഹചര്യമാണ്. എന്നാല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാതെ മറ്റുമാര്‍ഗമില്ലെന്ന നിലപാടില്‍ ധനമന്ത്രി തോമസ് ഐസക് ഉറച്ചുനിന്നു. വന്‍കിടപദ്ധതികള്‍ക്ക് സമീപത്തെ ഭൂമിയുടെയെല്ലാം ന്യായവില 30% വര്‍ധിപ്പിക്കരുതെന്ന് വി.ഡി. സതീശനും ആവശ്യപ്പെട്ടു.
ചുവപ്പുവിഭാഗത്തില്‍ പെടുന്നതോ റെയില്‍വേയുമായി ബന്ധപ്പെട്ടതോ ആയ വന്‍കിടപദ്ധതിയാണെങ്കില്‍ സമീപപ്രദേശത്തെ ഭൂമിയുടെ വില കുറയാനാണ് സാധ്യത. വന്‍കിടപദ്ധതിക്ക് സമീപത്തുള്ള എല്ലാ ഭൂമിക്കും ഒരേപോലെ വിലവര്‍ധന ഉണ്ടാകുകയുമില്ല. ഈ വസ്തുതകള്‍ പരിഗണിച്ചു മാത്രമേ ന്യായവില വര്‍ധന നടപ്പിലാക്കാവൂ. ഇതോടെ വന്‍കിടപദ്ധതിക്കു സമീപത്തെ ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നതിന് ഫിനാന്‍സ് ബില്‍ പാസാക്കുന്നതിന് മുൻപ് മാര്‍ഗരേഖ തയാറാക്കി നല്‍കാന്‍ ധനമന്ത്രി റജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ ആധാരം പണയം വച്ച് വായ്പയെടുക്കുമ്പോള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന സാധാരണക്കാര്‍ക്ക് തിരിച്ചടിയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. ഇത് വന്‍തുക വായ്പയെടുക്കുന്നവര്‍ക്കായി പരിമിതപ്പെടുത്തണമെന്നാണ് നിര്‍ദേശം. ഇക്കാര്യം പരിഗണിക്കാമെന്നും ധനമന്ത്രി മറുപടി നല്‍കി.
No comments
Post a Comment